സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ സ്മാർട്ട് ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം:
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. കെ സ്മാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.

മുഖ്യമന്ത്രിയുടെ കുറിപ്പ്

പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകാൻ പോകുന്നു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.

കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കും. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.