ആള്‍മാറാട്ടം തടയാന്‍ പിഎസ്‌സി ആധാര്‍ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു

Advertisement

സര്‍ക്കാര്‍ ജോലിയിലെ ആള്‍മാറാട്ടം തടയാന്‍ പിഎസ്‌സി ആധാര്‍ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പിഎസ്‌സിക്ക് കൈമാറി ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാരവകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാര്‍ഥികളുടെ അനുമതിയോടെയായിരിക്കും ആധാര്‍ പരിശോധിക്കുക. ഒറ്റത്തവണ രജിസ്ട്രേഷന്‍, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനശുപാര്‍ശ, സര്‍വീസ് പരിശോധന എന്നിവയ്ക്കാണ് ആധാര്‍ അധിഷ്ഠിത പരിശോധന പിഎസ്‌സി നടത്തുക.
ഉദ്യോഗാര്‍ഥി നല്‍കേണ്ട അനുമതിപത്രത്തിന്റെ മാതൃകയും വിജ്ഞാപനത്തിനൊപ്പം പ്രസിദ്ധീകരിച്ചു. പി.എസ്.സി.ക്ക് ആധാര്‍ പരിശോധന നടത്താന്‍ യു.ഐ.ഡി.യുടെ (യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) അനുമതിയും വിജ്ഞാപനത്തിലൂടെ ഉറപ്പാക്കി.
സര്‍ക്കാര്‍സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി 2020 ജൂണില്‍ സംസ്ഥാനം ഉത്തരവിറക്കിയിരുന്നു. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരു മാസത്തിനകം പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്നും ഇത് നിയമനാധികാരി ഉറപ്പുവരുത്തണമെന്നുമായിരുന്നു ഉത്തരവ്. കോടതി ഇടപെടലിനെത്തുടര്‍ന്ന് 2021 ഏപ്രിലില്‍ ഉത്തരവ് പിന്‍വലിച്ചു.

Advertisement