തിരുവനന്തപുരം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരസ്യമായുള്ള വിഴുപ്പലക്കലുകൾ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. പാർട്ടിയിൽ ഇനി പരസ്യ വിമർശനം പാടില്ല എന്ന നിലപാടെടുത്ത കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തന്നെയാണ് വി എം സുധീരനെതിരെ പരസ്യമായി രംഗത്തെത്തിയത്. നേതൃത്വത്തിനെതിരെ കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച വി. എം സുധീരൻ, സുധാകരൻ്റെ വിമർശനത്തിന് പരസ്യമായി മറുപടി പറഞ്ഞിട്ടില്ല.
ഇന്നലെ നടന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് വി എം സുധീരൻ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ഇതിനെതിരെ വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പൊട്ടിത്തെറിച്ചു. താൻ പാർട്ടി വിട്ടു എന്ന് തന്നോട് സുധീരൻ പറഞ്ഞു എന്നായിരുന്നു പരാമർശം. ഇതിന് വി എം സുധീരൻ കൂടി പരസ്യ മറുപടിയുമായി രംഗത്തെത്തിയാൽ പാർട്ടിയിൽ കലഹം രൂക്ഷമാകും. കെ സുധാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതോടെ, പാർട്ടിയിലെ വിഴുപ്പലക്കലുകൾ തലവേദന സൃഷ്ടിക്കുക മറ്റു നേതാക്കൾക്കാവും.
പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന് നയിക്കുന്ന സംസ്ഥാന ജാഥ ജനുവരി അവസാനം തുടങ്ങും. അതിനുള്ളിൽ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജാഥയുടെ നിറം കെടുത്തുമെന്ന് ഉറപ്പ്. മുതിർന്ന നേതാക്കൾ തന്നെ ഇടപെട്ട് ഇക്കാര്യത്തിൽ പരസ്യ പ്രതികരണം വേണ്ട എന്ന നിലപാട് എടുക്കുമെന്നാണ് സൂചന.
ഭരണപക്ഷത്തോടുള്ള വെറുപ്പിനിടെ പകരം ആര്, ഈ തമ്മിൽ തല്ലികളാണോ എന്ന ചോദ്യം കോൺഗ്രസ് ആരാധകരെയാണ് വിഷമത്തിലാക്കുന്നത്.