ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ നഷ്ടം നികത്താന്‍ 80-കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായ അമലിന് റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്ടമായത്. പലരില്‍ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകള്‍ പണം തിരികെ ചോദിച്ചതോടെ മടക്കി നല്‍കുന്നതിനും തുടര്‍ന്നും റമ്മി കളിക്കുന്നതിനും പ്രതി മോഷണത്തിന് ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട സ്വദേശിനിയായ സരസമ്മയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അമല്‍ സരസമ്മയുടെ കഴുത്തില്‍ കത്തിവച്ച് കഴുത്തില്‍ ഉണ്ടായിരുന്ന മൂന്ന് പവന്റെ മാല കവരുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിലെ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തനംതിട്ട ഇലവുംതിട്ടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.