അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

Advertisement

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തായി ശക്തി പ്രാപിക്കുന്നതാണ്. ഇതോടെ, വരും ദിവസങ്ങളിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 3 വരെ തെക്കൻ കേരളത്തിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ ജില്ലകളിൽ മിതമായ-ഇടത്തരം മഴയ്ക്കാണ് സാധ്യത.

മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിവിധ ജില്ലകളിൽ ശക്തമായ ചൂട് തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് ലഭിക്കുന്നത്. നാളെ കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കൻ അറബിക്കടലിന്റെ മധ്യഭാഗങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ കാറ്റ് വീശും. കേരള-കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement