ജനുവരി 4ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്‌കൃതോത്സവവും അറബിക് കലോത്സവവും നടക്കും.
കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകും. മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. കാസര്‍കോട് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലര്‍, മലവേട്ടുവന്‍ സമുദായക്കാര്‍ മംഗളകര്‍മങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. കല്യാണക്കളി എന്നും ഇത് അറിയപ്പെടുന്നു. വൃത്താകൃതിയില്‍ നിന്ന് സ്ത്രീകളും പുരുഷന്മാരും ചുവടുവച്ച്, വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നു. ഓരോ പാട്ടിലും ഗോത്രവര്‍ഗ ജീവിതത്തിന്റെ യഥാര്‍ഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതരാഗങ്ങളും കാണാം. തുടിയാണ് പ്രധാന വാദ്യോപകരണം. ഇത്തവണ പ്രദര്‍ശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തില്‍ അവതരിപ്പിക്കുന്നത്. അടുത്ത തവണ മുതല്‍ ഗോത്ര കലകള്‍ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.