കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ: പ്രിന്ററിൽ വരെ കൈക്കൂലി പണം

Advertisement

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. അതിർത്തിയിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ പണവും പിടികൂടി. അയ്യപ്പ ഭക്തരുടെ വാഹനങ്ങളിൽ നിന്നും ചരക്ക് ലോറികളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി തെളിഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ അനധികൃതമായി പണം വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസ് സമുച്ചയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന പ്രിന്ററിൽ നിന്നുമാണ് പണം പിടിച്ചെടുത്തത്. 8000-ത്തിലധികം രൂപയാണ് കണ്ടെത്തിയത്. ശബരിമല സീസണിൽ തിരക്ക് വർദ്ധിച്ചതോടെയാണ് ചെക്ക് പോസ്റ്റുകളിൽ വ്യാപക തരത്തിലുള്ള ക്രമക്കേടാണ് നടക്കുന്നത്.

ഓൺലൈൻ പെർമിറ്റ് എടുത്ത് വരുന്ന അയൽ സംസ്ഥാനങ്ങളിലെ വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ കൈപറ്റിയ പണമാണ് പരിശോധനയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും വന്ന അയ്യപ്പഭക്തരുടെ വാഹനത്തിൽ നിന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ 1000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു.
വിജിലൻസ് ഉദ്യോഗസ്ഥരാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതോടെയാണ് വിജിലൻസ് ചെക്ക് പോസ്റ്റിലും ഓഫീസ് സമുച്ചയത്തിലും മിന്നൽ പരിശോധന നടത്തിയത്.

Advertisement