ആലപ്പുഴ: ആലപ്പുഴയിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ അമ്മയും ഇവരുടെ ആൺസുഹൃത്തും അറസ്റ്റിൽ. അർത്തുങ്കലിൽ നിന്നാണ് അമ്മയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്.
കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ അർത്തുങ്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത അർത്തുങ്കൽ പോലീസ് പിന്നീട് കുത്തിയതോട് പൊലീസിന് കൈമാറി. തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടകരമായ രീതിയിൽ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ഗുരുതരമായ പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിലേതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അടുപ്പത്തിലായിരുന്ന പ്രതികൾ കുഞ്ഞിനെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കുഞ്ഞിനെ അച്ഛന്റെ വീട്ടിലാക്കുകയായിരുന്നു.കൈ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞിനെ വീട്ടിലെത്തിച്ചത്. പരിശോധനയിൽ ഇടത് കൈയുടെ അസ്ഥി പൊട്ടിയതായും ശരീരത്തിൽ ചൂരൽ കൊണ്ട് അടിച്ചതിന്റെ പാടുകളും കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.