കൊച്ചി . നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ പാലാരിവട്ടത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ഏഴുമണിക്കൂറിലധികം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ അർദ്ധരാത്രി ഒരു മണിക്ക് മജിസ്ട്രറ്റിനു മുന്നിൽ ഹാജരാക്കിയ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. നവകേരള സദസിന് ഇന്ന് അന്ത്യകൂദാശ നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ.
തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ ആയത്. സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കാൻ ആദ്യം പോലീസ് മുതിർന്നെങ്കിലും ഗുരുതര വകുപ്പുകൾ ചേർത്ത് പിന്നീട് ജാമ്യം നിഷേധിച്ചതോടെ പ്രതിഷേധം ശക്തമായി. ജില്ലയിലെ കോൺഗ്രസ് എംഎൽഎമാരും ഡിസിസി അധ്യക്ഷനും അടക്കമുള്ള മുതിർന്ന നേതാക്കൾ പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പോലീസും നേതാക്കളും തമ്മിൽ നിരന്തര ചർച്ചകൾ. പ്രവർത്തകരെ വിട്ടയക്കണമെന്ന ആവശ്യം പോലീസ് അംഗീകരിക്കാതെ വന്നതോടെ നാടകീയ സംഭവങ്ങൾ. കോൺഗ്രസിന്റെ അസാധാരണ സമരത്തിന് പാലാരിവട്ടം പോലീസ് സ്റ്റേഷൻ സാക്ഷിയായി. ഒടുവിൽ സമരസമ്മർദത്തിന് വഴങ്ങി അർദ്ധരാത്രി ഒരു മണിയോടെ പോലീസ് പ്രവർത്തകരുമായി മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക്. ഒന്നരയോടെ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം.
ജാമ്യം കിട്ടിയതോടെ പോലീസിനെതിരെ പ്രവർത്തകർ കൂകി വിളിച്ചു. കരിങ്കൊടി പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസിന്റെ നിലപാട്