കൂട്ടത്തോടെ പശുക്കള്‍ ചത്ത സംഭവത്തില്‍ തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പും. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നല്‍കും. തൊടുപുഴയിലെ വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടന്‍ ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി.
മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് ജയറാം അറിയിച്ചു. ഇരുവരും ജയറാമിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ കപ്പത്തൊണ്ടു കഴിച്ച 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ മന്ത്രിമാരെത്തിയിരുന്നു. മന്ത്രിമാരായ ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവരാണ്, ഉപജീവനമാര്‍ഗം നഷ്ടമായ കുട്ടികളുടെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി എത്തിയത്.
22 പശുക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതില്‍ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കപ്പത്തോടില്‍ നിന്നുള്ള വിഷബാധയാണ് പശുക്കള്‍ ചാവാന്‍ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.