ബിജെപി മഹിളാ സമ്മേളനം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരില്‍

Advertisement

തൃശൂര്‍ : ബിജെപി മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും.

3 മണിക്ക് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ എത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗം തൃശൂരില്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാസമ്മേളനത്തില്‍ പങ്കെടുക്കും. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി തൃശ്ശൂരില്‍ രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കുമെന്ന് റിപ്പോര്‍ട്ട്.

എട്ട് ജില്ലകളില്‍ നിന്നായി രണ്ടുലക്ഷത്തിലേറെ വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത് ‍. മഹിളകള്‍ക്ക് മാത്രമേ സമ്മേളനത്തില്‍ പ്രവേശനമുള്ളൂവെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.200- യോളം മഹിളാ വാളന്റിയര്‍മാര്‍ സമ്മേളന നഗരി നിയന്ത്രിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ നേതൃത്വത്തില്‍ കുട്ടനെല്ലൂരിലും ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്.

സമ്മേളനത്തില്‍ മഹിളാ പ്രവര്‍ത്തകര്‍ക്കു പുറമെ അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ പങ്കാളികളാകും. ബീനാ കണ്ണൻ, ഡോ.എം.എസ് സുനില്‍ ,വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

പൂരനഗരി സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്രസേനയുടെയും നീരീക്ഷണത്തില്‍. നഗരസുരക്ഷ എസ്.പി.ജി. ഏറ്റെടുത്തു. പരിപാടി നടക്കുന്ന തേക്കിന്‍കാട് മൈതാനത്തും നായ്ക്കനാലിനോട് ചേര്‍ന്ന ഭാഗത്തും തോക്കേന്തിയ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍, രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുകയില്ല. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും.

സ്വരാജ് റൗണ്ടിലെയും സമീപപ്രദേശങ്ങളിലേയും കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം.നായ്ക്കനാലില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് എ.ടി.എം. അടക്കം രണ്ട് ദിവസം അടച്ചിടുമെന്ന് കാണിച്ച്‌ നോട്ടീസ് പതിച്ചിട്ടുണ്ട്.

നായ്ക്കനാല്‍ തുടങ്ങി പാര്‍ക്ക് വരെയുള്ള തേക്കിന്‍കാടിന്റെ സ്വരാജ് റൗണ്ടിനോട് ചേര്‍ന്നുള്ള ഭാഗവും പുറത്ത് നിന്നും കാണാനാവാത്ത വിധം അടച്ചു. റെയില്‍വേ സ്റ്റേഷൻ, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്ക് വരുന്നവരും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിവരം മുൻകൂട്ടി മനസ്സിലാക്കി ‍‍പ്രവര്‍ത്തിക്കേണ്ടതാണ്