മോദി പ്രസംഗിച്ചത് 41 മിനിറ്റ്, പ്രസം​ഗത്തിലെവിടെയും സുരേഷ്​ ഗോപിയില്ല; സാമുദായിക നേതാക്കൻമാരെ കണ്ട് മടങ്ങി

Advertisement

തൃശൂർ: തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രസം​ഗത്തിൽ സുരേഷ് ​ഗോപിയെ പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 41 മിനിറ്റ് നീണ്ട പ്രസം​ഗത്തിലൊരിടത്തും തൃശൂരിൽ മത്സര രം​ഗത്തെത്തുണ്ടാവുമെന്ന് അഭ്യൂഹങ്ങളിൽ നിറയുന്ന സുരേഷ് ​ഗോപിയെ പരാമർശിച്ചില്ല.

മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ്​ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ളതൊന്നും സംസാരിച്ചില്ലെന്നതാണ് ശ്രദ്ധേയം. തൃശൂർ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ​ഗോപിയുടെ നീക്കങ്ങൾ സജീവമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ​ഗോപി തൃശൂരിൽ സജീവമായിരുന്നു. എന്നിട്ടും മോദിയുടെ നീണ്ടു പോയ പ്രസം​ഗത്തിലൊരിടത്തും സുരേഷ്​ഗോപിയെ പരാമർശിച്ചില്ല.

‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി പ്രധാനമന്ത്രി തൃശ്ശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിയ്ക്കായി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുവരെഴുത്ത്. പീടികപ്പറമ്പിലാണ് ചുവരെഴുത്തുള്ളത്. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്. എന്നാൽ വീണ്ടും മത്സരിക്കുമെന്ന് പ്രചരണമുണ്ടെങ്കിലും മോദിയുടെ പ്രസം​ഗത്തിൽ ഇതിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. അതേസമയയം, പ്രസം​ഗത്തിന് ശേഷം പ്രധാനമന്ത്രി സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്. ശേഷം തൃശൂരിൽ നിന്ന് മോദി മടങ്ങി. മലയാളത്തിൽ തുടങ്ങിയ പ്രസം​ഗത്തിൽ നിരവധി തവണ അമ്മമാരെ സഹോദരിമാരേ എന്ന് തുടങ്ങിയ വാക്കുകൾ മോദി ആവർത്തിച്ചു.

അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളമെന്ന് മോദി പറഞ്ഞു. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജ്ജം ചെറുതല്ല. കാർത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്‍റെ സംഭാവനയാണ്. മോദിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചർച്ച. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത് സ്വാതന്ത്ര്യാനന്തരം വന്ന കോൺഗ്രസ്, ഇടതു സർക്കാർ സ്ത്രീ ശക്തിയെ പരിഗണിച്ചില്ല. സ്ത്രീ സംവരണ ബില്‍ ബിജെപി നിയമമാക്കി. മുത്തലാക്കിൽ ബുദ്ധിമുട്ടിയ സ്ത്രീകളെ മോദി സർക്കാർ മോചിപ്പിച്ചു.

എന്‍ഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു.’മോദിയുടെ ഗ്യാരണ്ടികള്‍’ ഓരോന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികള്‍ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടിയാണ്. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു.

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിയ്ക്കായി എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തുടര്‍ന്ന് വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. വേദിയിലുണ്ടായിരുന്ന അതിഥികളെ ഹസ്തദാനം ചെയ്താണ് മോദി പ്രസം​ഗം തുടർന്നത്. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്.

Advertisement