തിരുവനന്തപുരം. തദ്ദേശ ഭരണ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവുകളിൽ അടിമുടി പിഴവ്. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് താഴ്ന്ന തസ്തികയിലേക്കും, കഴിഞ്ഞ മാസം അസിസ്റ്റന്റ് സെക്രട്ടറി ആയ ആൾക്ക് ഹെഡ് ക്ലാർക്കായും സ്ഥലംമാറ്റം നൽകി. ഒരു ഒഴിവിലേക്ക് ഒന്നിലധികം പേർക്കും നിയമനം നൽകിയിട്ടുണ്ട്. കൃത്യമായി വിവരശേഖരണം നടത്താതെയാണ് ഉത്തരവെന്ന് തെളിയിക്കുന്നതാണ് പിഴവുകൾ
തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പുതുവർഷ ദിനത്തിൽ ഇറക്കിയ ആദ്യ ഉത്തരവിലാണ് പിഴവുകൾ കടന്നുകൂടിയത്. കോഴിക്കോട് കുന്നുമ്മൽ ബ്ലോക്കിലെ എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്ന ഉദ്യോഗസ്ഥയെ കഴിഞ്ഞമാസം 16ന് അസിസ്റ്റൻറ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി അരീക്കോട് ബ്ലോക്കിൽ നിയമിച്ചിരുന്നു. ഇതേ ഉദ്യോഗസ്ഥയെ ജനുവരി ഒന്നിന് ഇറങ്ങിയ ഉത്തരവിൽ. എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ കുന്നുമ്മൽ ബ്ലോക്കിൽ നിന്നും വടകര ബ്ലോക്കിലേക്ക് മാറ്റി നിയമിച്ചു. ഉത്തരവിലെ പിഴവുകളിൽ ഒന്നു മാത്രമാണ് ഇത്. കൃത്യമായ വിവരശേഖരണം നടത്താതെ ഉത്തരവുകൾ ഇറക്കുന്നതാണ് പിഴവിന് കാരണം.
ഇതിനു പുറമേയാണ് ഒരു ഒഴിവുകളിലേക്ക് ഒന്നിലധികം പേർക്ക് നിയമനം നൽകുന്നത്. ഒരു ഒഴിവിൽ കൂടുതൽ പേർ എത്തുന്നതോടെ അത് താല്പര്യക്കാർക്ക് ഇഷ്ടാനുസരണം നിയമനം നൽകാനുള്ള പഴുതു കൂടിയാണ്. ഏകീകൃത തദ്ദേശ ഭരണ വകുപ്പ് നിലവിൽ വന്നതോടെ സമാന തസ്തികയിലേക്ക് പരസ്പരമാറ്റം സാധ്യമാണ്. എന്നൽ നിലവിൽ ഓരോ ജീവനക്കാരനും ഏതൊക്കെ ഓഫീസിൽ എന്തൊക്കെ തസ്തികയിൽ ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ച് പൂർണ്ണമായ വിവരത്തിന്റെ അഭാവമാണ് ഈ വീഴ്ചകൾക്ക് പിന്നിൽ