‘പൊലീസുകാരി തന്റെ പേര് ചോദിച്ചതല്ല പ്രശ്നം’; എസ്ഐയുമായുളള തർക്കത്തിൽ വിശദീകരണവുമായി വിജിൻ എംഎൽഎ

Advertisement

കണ്ണൂർ : സിവിൽ സ്റ്റേഷനിൽ എം വിജിൻ എംഎൽഎയും ടൗൺ എസ്ഐയും തമ്മിൽ നടന്ന വാക്കേറ്റ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി എംഎൽഎ. പ്രകോപനമുണ്ടാക്കിയത് എസ്ഐ ആണെന്നും പൊലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.

സിനിമ സ്റ്റൈലിൽ, ഭീഷണി സ്വരത്തിൽ പെരുമാറിയപ്പോഴാണ് പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്നം. മോശമായി പെരുമാറിയതാണെന്നും എം വിജിൻ പറഞ്ഞു.

സിവിൽ സ്റ്റേഷനിൽ എം.വിജിൻ എംഎൽഎയും ടൗൺ എസ്ഐ ടി.പി ഷമീലും തമ്മിൽ ഇന്ന് ഉച്ചയോടെയാണ് വാക്കേറ്റമുണ്ടായത്. പ്രതിഷേധ മാർച്ചുമായി കളക്ടറേറ്റ് വളപ്പിൽ കയറിയ നഴ്സുമാർക്കും ഉദ്ഘാടകനായ എംഎൽഎയ്ക്കുമെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് പ്രകോപനമായത്. പിന്നാലെ സുരേഷ് ഗോപി കളിക്കരുതെന്നും പിണറായി വിജയന്‍റെ പൊലീസിന് നാണക്കേടുണ്ടാക്കരുതെന്നും എസ്ഐയോട് എംഎൽഎ കയർത്തു.

കേരള ഗവൺമെന്‍റ് നഴ്സസ് അസോസിയേഷന്‍റെ മാർച്ച് ഉദ്ഘാടകനായിരുന്നു എംഎൽഎ.ഉച്ചയ്ക്ക് സിവിൽ സ്റ്റേഷനിലേക്ക് മാർച്ചെത്തിയപ്പോൾ തടയാൻ പൊലീസുണ്ടായില്ല.തുറന്ന ഗേറ്റിലൂടെ സമരക്കാർ അകത്തുകയറി.കളക്ടറേറ്റ് വളപ്പിലായി ഉദ്ഘാടനം. എസ്ഐയും സംഘവും ഈ സമയത്തെത്തി. അകത്തുകയറിയവർക്കെതിരെയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞതോടെ വാക്കേറ്റമുണ്ടായി.സുരക്ഷയൊരുക്കാത്തത് പൊലീസിന്‍റെ വീഴ്ചയെന്നും അതിന്‍റെ പേരിൽ കേസും ഭീഷണിയും വേണ്ടെന്നും എംഎൽഎ പറഞ്ഞു.ഈ സമയം കേസെടുക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ അടുത്തെത്തി പേര് ചോദിച്ചു. ഇതും പ്രകോപനമായി. എസ്ഐ മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും എംഎൽഎ ആരോപിച്ചു.വാക്കേറ്റത്തിന് പിന്നാലെ സമരക്കാരും മടങ്ങി. എസ്ഐക്കെതിരെ കമ്മീഷണർക്ക് എംഎൽഎ പരാതി നൽകി.സുരക്ഷാ വീഴ്ചയിലും വാക്കേറ്റത്തിലും ടൗൺ സിഐയോട് കമ്മീഷണർ വിശദീകരണം തേടി.