കൊല്ലം.
സ്വന്തം തട്ടകമെങ്കിൽ പോരാട്ടത്തിൽ പിന്നിലില്ലെന്ന് കൊല്ലം പറയുമ്പോഴേക്കും പരമ്പരാഗത കലാ കിരീടക്കാർ മുന്നിലെത്തി ..62മത് സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 19 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 78 പോയിൻ്റോടെ കരുത്ത് കാട്ടി ആതിഥേയ ജില്ലയായ കൊല്ലം ഒന്നാം സ്ഥാനത്ത് എത്തി. എന്നാൽ പിന്നീട് കലയ്ക്കു വേണ്ടി ജീവൻ കളയുന്ന പാലക്കാടും, കോഴിക്കോടും, കണ്ണൂരും തൃശൂരും മുന്നേറി. കനകകിരീടത്തിനായുള്ള പോരാട്ടത്തിൽ ഒപ്പത്തിനൊപ്പം.
ദേശിംഗനാട്ടിൽ കലാപൂരം ആദ്യ ദിനം ആവേശകരം. മിനിറ്റുകൾ വച്ച് മാറിമറിയുന്ന പോയിൻ്റ് നില മത്സരം വീര്യം വ്യക്തമാക്കുന്നത്. ഇന്ന് നടക്കുന്ന 59 മത്സരങ്ങളിൽ പകുതിയിലധികവും പൂർത്തിയായി. ഫലം പുറത്തുവന്നത് 19 ഇനങ്ങളുടേത്. 78 പോയിൻ്റോടെ കൊല്ലത്തിൻ്റെ ഞെട്ടിക്കുന്ന പ്രകടനം. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് ഒറ്റ പോയിന്റിന് പുറകിൽ. 77 പോയിൻ്റുമായി നിലവിലെ ചാമ്പ്യന്മാരുടെ ഉഗ്രൻ പോരാട്ടം. 76 പോയിൻ്റോടെ കണ്ണൂരും തൃശൂരും പാലക്കാടും തമ്മിൽ കടുത്ത മത്സരം. ഗ്ലാമർ ഇനങ്ങളായ മോഹിനിയാട്ടവും , നാടകവും കുച്ചുപ്പുടിയും, ഭരതനാട്യവും അറബനമുട്ടും വിവിധ വേദികളിൽ അരങ്ങേറി. ഓരോ വേദിക്ക് മുന്നിലും മത്സരങ്ങൾ കാണാൻ നൂറുകണക്കിന് പേരുടെ സാന്നിധ്യം. കോൽക്കളിയും സംഘ നൃത്തവും ഉൾപ്പെടെയുള്ള ആളെക്കൂട്ടുന്ന മത്സരങ്ങൾ രാത്രിയിൽ അരങ്ങേറും. ഹൈസ്കൂൾ, ഹയർസെക്കൻഡറി ഭാഗങ്ങളായി 239 മത്സരയിനങ്ങളാണ് കലോത്സവത്തിൽ ഉള്ളത്. 14,000 ത്തിലധികം പ്രതിഭകൾ കലാമാമാങ്കത്തിന്റെ ഭാഗമാകും.