പത്തനംതിട്ട. കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാന കേസില്‍ ജസ്നയും മത വീവ്രവാദവുമായി ബന്ധമുണ്ടോ എന്ന സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തൽ. ജെസ്‌ന മരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധമുണ്ടോയെന്ന സംശയം ആദ്യം മുതല്‍ നിലനിന്നിരുന്നു. ഇതിനാണ് സിബിഐ റിപ്പോര്‍ട്ടോടെ വ്യക്തത വരുന്നത്. നേരത്തെ
അച്ഛനെയും ആൺ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്‌ന സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജെസ്നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. എന്നാൽ എവിടെയും ഒരു തെളിവും കിട്ടിയില്ല.കൂടുതൽ എന്തെങ്കിലും കിട്ടിയാൽ അന്വേഷണം തുടരുമെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ജെസ്ന തിരോധാന കേസിൽ സിബിഐ നൽകിയ റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ കോടതി നോട്ടീസ് നൽകി. ജെസ്നയുടെ അച്ഛനാണ് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചത്. ജെസ്ന കേസിൽ അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചാണ് സിബിഐ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് കോടതി സ്വീകരിക്കുന്നതിന് മുമ്പാണ് പരാതിക്കാരനായ അച്ഛനോട് തർക്കമുണ്ടെങ്കിൽ അറിയിക്കാൻ കോടതി നോട്ടീസ് നൽകിയത്. കേസ് ഈ മാസം 19ന് പരിഗണിക്കും.