വാർത്താനോട്ടം

Advertisement

2024 ജനുവരി 05 വെളളി

🌴 കേരളീയം 🌴

🙏കൊല്ലത്തു സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദികളിലേക്ക് ആസ്വാദക സഹസ്രങ്ങള്‍. ഇന്നലെ രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കലോല്‍സവത്തിന് 24 വേദികളിലായാണു മല്‍സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കുന്ന 14,000 വിദ്യാര്‍ത്ഥികളെ 23 സ്‌കൂളുകളിലായാണു പാര്‍പ്പിച്ചിരിക്കുന്നത്.

🙏അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി മാറി. കേരളത്തില്‍ രണ്ടു ദിവസം മഴയ്ക്കു സാധ്യത. ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ സാധ്യത.

🙏സ്വര്‍ണക്കടത്ത് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയല്ല, നടപടിയെടുക്കുകയാണ് വേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നടപടി എടുക്കാത്തതിന് കാരണം ഭയമാണോ അതോ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ സഖ്യമല്ല മറിച്ച് എന്‍ഡിഎയാണ് സാമ്പാര്‍ മുന്നണിയെന്നും അദ്ദേഹം പരിഹസിച്ചു.

🙏മകരവിളക്കിനോട
നുബന്ധിച്ച് അയ്യപ്പ ഭക്തര്‍ക്കു ശബരിമല ദര്‍ശനത്തിനായി 800 ബസുകള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പമ്പയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഭക്തര്‍ക്ക് തിരക്കില്ലാതെ ബസില്‍ കയറാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയിലും ബാരിക്കേഡുകള്‍ സ്ഥാപിക്കും.

🙏വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഈ മാസം 29 നു പരിഗണിക്കും. കേസില്‍ പ്രതി അര്‍ജുനിന് നോട്ടീസ് അയച്ചു.

🙏മുഖ്യമന്ത്രി പിണറായി വിജയനെ വണ്ടിയിടിച്ചോ ബോംബുവച്ചോ കൊല്ലുമെന്നെല്ലാം പറയുന്ന അസൂയക്കാരുടെ എണ്ണം വര്‍ധിച്ചെന്ന് മന്ത്രി സജി ചെറിയാന്‍. നടക്കാത്ത കാര്യങ്ങള്‍ നടത്തുന്ന നിശ്ചയദാര്‍ഡ്യം മുഖ്യമന്ത്രി പിണറായി വിജയനുള്ളതിനാലാണ് അസൂയക്കാരുടെ എണ്ണം പെരുകുന്നത്. 78 വയസുള്ള മുഖ്യമന്ത്രി തങ്ങളേക്കാള്‍ ആരോഗ്യവാനാണെന്നും മന്ത്രി ചെങ്ങന്നൂരില്‍ പറഞ്ഞു.

🙏തന്റെ പോരായ്മകളില്‍ ഖേദിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്ത എന്ന നിലയിലും തന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുണ്ടായതില്‍ ഖേദിക്കുന്നു. സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

🙏വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പൊലീസ് വലയിലാക്കി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് പിടികൂടിയത്.

🙏കടലില്‍ രേഖകളും അനുമതി പത്രവുമില്ലാതെ ഉല്ലാസ യാത്ര നടത്തിയ ഹൗസ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. പിഴ ചുമത്തിയശേഷം വിട്ടയച്ചു. തൃശൂര്‍ ജില്ലയിലെ അഴീക്കോടുനിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട എങ്ങണ്ടിയൂര്‍ സ്വദേശി നാരായണ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓസ്ട്രീച്ച് ക്രൂയീസ് ബോട്ടാണ് പിടികൂടിയത്.

🇳🇪 ദേശീയം 🇳🇪

🙏ഈ മാസം 14 നു രാഹുല്‍ഗാന്ധി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍നിന്ന് ആരംഭിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നു മാറ്റി. അരുണാചല്‍ പ്രദേശിലും പര്യടനം നടത്തും. ഇതോടെ പര്യടനം നടത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം 14 ല്‍നിന്ന് 15 ആയി.

🙏ഭീകരന്‍ ജാവിദ് അഹമ്മദ് മട്ടുവിനെ ഡല്‍ഹി പോലീസ് ജീവനോടെ പിടികൂടി. ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവായ ഇയാള്‍ കാഷ്മീര്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. മോഷ്ടിച്ച കാറും തോക്കും വെടിയുണ്ടകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിലയിട്ടിരുന്നു.

🙏ഖത്തറില്‍ ജയിലിലുള്ള മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 60 ദിവസം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ വധശിക്ഷ റദ്ദാക്കിയ ഖത്തര്‍ കോടതി, പല കാലയളവിലേക്കുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

🙏യുപിഐ ഇടപാടുകള്‍ക്ക് വൈകാതെത്തന്നെ ചാര്‍ജ് ഈടാക്കുമെന്നു നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലിപ് അസ്ബെ. വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുക. അടുത്ത മൂന്നു വര്‍ഷത്തിനിടെ അതു നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

🙏ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കടലിനടിയിലെ കാഴ്ചകള്‍ കണ്ട് നീന്തുന്ന സ്നോര്‍കലിങും അദ്ദേഹം ആസ്വദിച്ചു. എക്സ് പ്ളാറ്റ്ഫോമില്‍ ഫോട്ടോ സഹിതമാണ് ലക്ഷദ്വീപിലെ വിശേഷങ്ങള്‍ പങ്കുവച്ചത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ലക്ഷ്യദ്വീപെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

🙏പഞ്ചാബില്‍ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവമായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഭാരോദ്വഹന താരമായ ദല്‍ബീര്‍ സിംഗ് ഡിയോളിനെ തലയില്‍ വെടിവച്ചു കൊന്ന വിജയ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്. ഓട്ടോ ചാര്‍ജു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

🙏തമിഴ്നാട്ടില്‍ വ്യാജരേഖ ചമച്ച് കൃഷിഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖറിനെതിരെ പരാതി നല്‍കിയ ദളിത് കര്‍ഷകര്‍ക്ക് എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്.

🇦🇺 അന്തർദേശീയം 🇦🇽

🙏ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനുമായി ബന്ധമുള്ള സായുധ ഷിയാ തീവ്രവാദ സംഘടനാ നേതാവും മൂന്നു കൂട്ടാളികളും കൊല്ലപ്പെട്ടു. മുഷ്താഖ് താലിബ് അല്‍സെയ്ദിയാണു കൊല്ലപ്പെട്ട ഭീകരന്‍. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചശേഷം ഇറാക്കിലെ സൈനിക താവളങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് യുഎസ് പ്രതികരിച്ചു.

🙏തെക്കന്‍ സ്വീഡനിലെ സ്‌കെയ്ന്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ ആയിരത്തിലേറെ വാഹനങ്ങളിലെ യാത്രക്കാരെ സുരക്ഷാസേന ഒഴിപ്പിച്ചു. വാഹനങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ കഴിയാതെ റോഡില്‍ കുടുങ്ങിയവരെ ഒരു രാത്രി മുഴുവന്‍ അധ്വാനിച്ചാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയത്.

🙏ന്യൂജേഴ്സിയിലെ നെവാര്‍ക്ക് നഗരത്തില്‍ മുഹമ്മദ് മസ്ജിദിലെ ഇമാം ഹസ്സന്‍ ഷരീഫ് പള്ളിക്ക് മുന്നില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. 2006 മുതല്‍ നെവാര്‍ക്കിലെ ലിബേര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍കൂടിയാണ് ഇദ്ദേഹം. കൊലപാതകം ഭീകരവാദ ആക്രമണം അല്ലെന്ന് പൊലീസ് അറിയിച്ചു.

🙏ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇന്നലെ 125 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികളടക്കം 14 പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. ഗാസയിലെ ഖാന്‍ യൂനിസിനു പടിഞ്ഞാറു ഭാഗത്തെ അല്‍-മവാസിയിലാണ് ആക്രമണമുണ്ടായത്.

🏏 കായികം 🏏

🙏ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പം. 642 പന്തുകള്‍ (107 ഓവര്‍) മാത്രം എറിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് വിക്കറ്റ് വിജയം. 62ന് 3 എന്ന നിലയില്‍ രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 78 റണ്‍സിന്റെ മാത്രം ലീഡുയര്‍ത്തി 176 ന് പുറത്താവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ 6 വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി.