ഐ സി യു പീഡനത്തിൽ ചീഫ് നെഴ്സിംഗ് ഓഫിസർ വിപി സുമതിയെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ

Advertisement

കോഴിക്കോട്. ഐ സി യു പീഡനത്തിൽ ചീഫ് നെഴ്സിംഗ് ഓഫിസർ വിപി സുമതിയെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ.
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് 2 മാസത്തേക്ക് നടപടി സ്റ്റേ ചെയ്തത്. വിശദീകരണം ചോദിക്കാതെയാണ് സ്ഥലം മാറ്റിയതെന്ന പരാതി പരിഗണിച്ചാണ് നടപടി.


ജനുവരി ഒന്നിനാണ് ഐസിയു പീഡന കേസിൽ ചീഫ് നെഴ്സിംഗ് ഓഫിസർ വിപി സുമതിയെയും നഴ്സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണിയെയും സ്ഥലം മാറ്റി ഡിഎംഇ ഉത്തരവ് പുറത്തിറക്കിയത്. പീഡന പരാതിയെ കുറിച്ച് അറിഞ്ഞിട്ടും കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലം മാറ്റം. വിപി സുമതിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്കും ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും വിടുതൽ വാങ്ങിയിരുന്നില്ല. സ്ഥലം മാറ്റം പ്രതിഷേധത്തിലും കാരണമായിരുന്നു. തുടർന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് 2 മാസത്തെ സ്റ്റേ അനുവദിച്ചത്.

ഉത്തരവിന്റെ പകർപ്പ് വി പി സുമതി ഇന്നലെ മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറി. വിപി സുമതിക്കും ബെറ്റി ആന്റണിക്കും സർവീസിൽ നിന്നും വിരമിക്കാൻ ഇനി എതാനും മാസങ്ങൾ മാത്രമാണുള്ളത്. കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ 5 ജീവനക്കാരെ തൃശൂർ, കോട്ടയം ജില്ലകളിലേക്ക് നേരത്തെ സ്ഥലം മാറ്റിരുന്നു. അതിജീവിതക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിംഗ് ഓഫിസർ പി ബി അനിതയെ സ്ഥലം മാറ്റിയ ഉത്തരവും നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രണ്ട് മാസത്തേക്ക് മരവിപ്പിച്ചിരുന്നു.