കോട്ടയം. നെല്ല് സംഭരിച്ചിട്ടും സപ്ലൈകോ പണം നൽകാത്തതിൽ പ്രതിഷേധവുമായി അപ്പർ കുട്ടനാട്ടിലെ നെൽ കർഷകർ.
ജനുവരി 10 ന് കോട്ടയം സപ്ലൈകോ ഓഫിസിന് മുന്നിൽ ധർണ നടത്തും. അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയുടെ നേതൃത്വത്തിലാണ് സമരം.
വിരിപ്പു കൃഷിക്ക് ശേഷം അപ്പർ കുട്ടനാട്ടിലെ 7000 ത്തിലധികം കർഷകരിൽ നിന്നായി 2 ലക്ഷത്തിലധികം ക്വിന്റൽ നെല്ലാണ് സപ്ലൈകോ ശേഖരിച്ചത്. ഇതിൽ 2500 കർഷകർക്ക് പണം നൽകി. ബാക്കിയുള്ള 5000 കർഷകർക്ക് ഇതുവരെ പണം ലഭ്യമായിട്ടില്ല. സപ്ലൈകോയും ബാങ്കും തമ്മിലുള്ള എഗ്രിമെൻറ് ഒപ്പിടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. പണം ലഭിക്കാതെ വന്നതോടെ അടുത്ത കൃഷി ഇറക്കാൻ ബുദ്ധിമുട്ടുകയാണ് കർഷകർ. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കാൻ അപ്പർ കുട്ടനാട് നെൽക്കർഷകസമിതി തീരുമാനിച്ചത്.
സമരപരിപാടികളുടെ ആദ്യഘട്ടമായാണ് സപ്ലൈകോ മാർച്ച് നടത്തുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭങ്ങൾ ഉണ്ടാകും.
. കഴിഞ്ഞ തവണയും പണം വൈകി ലഭിച്ചതിനാൽ പലരും കടം വാങ്ങിയാണ് കൃഷി ഇറക്കിയത്. അതുകൊണ്ടുതന്നെ നെല്ല് സംഭരിക്കുമ്പോൾ തന്നെ പണം ലഭ്യമാക്കണം എന്നാണ് ഉയരുന്ന ആവശ്യം.