തിരുവനന്തപുരം:
കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ പൊലീസിന്റെ ക്ലീൻ ചിറ്റ്. അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിപിഐഎം മുഖപത്രത്തിലെ വാർത്തയിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള യൂണിവേഴ്‌സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. കേരള സർവകലാശാലയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്നായിരുന്നു അൻസിലിനെതിരായ കേസ്.
കന്റോൺമെൻറ് പൊലീസായിരുന്നു കേസിൽ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന റിപ്പോർട്ട് നൽകിയത്. അൻസിൽ ജലീൽ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തുവരുന്ന സ്ഥാപനത്തിലും പിഎസ്സി ഓഫീസിലും എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലും വിശദമായ അന്വേഷണം നടത്തി.