കൊല്ലം:
സംസ്ഥാന കലോത്സവത്തിലെ മത്സര ഇനങ്ങളിൽ വ്യത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് എച്ച് എസ് വിഭാഗം സംസ്‌കൃത നാടക വേദി. പ്രമേയത്തിൽ വ്യത്യസ്തത തീർത്ത ലാഹരീയം എന്ന നാടകം ഏറെ ശ്രെദ്ധിക്കപ്പെട്ടു. ചെറു ധാന്യങ്ങളുടെ ബ്രാൻഡ് അംബാസഡർ ആയ ലാഹരി ബായുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ലാഹരീയം.
മൊബൈൽ ടവറുകളുടെ റേഞ്ച് പോലും ലഭിക്കാത്ത മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലെ സാൽപതി ഗ്രാമത്തിൽ നിന്നാണ് ലാഹരി ബായിയുടെ ചെറു ധാന്യങ്ങളുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലേക്കുള്ള വളർച്ച.
മണ്ണുകൊണ്ടുണ്ടാക്കിയ ലാഹരി ബായിയുടെ രണ്ടു മുറി വീട്ടിൽ ഒരു മുറിയിൽ ലാഹരി ബായി എന്ന 27കാരിയും അവരുടെ മാതാപിതാക്കളും തിങ്ങിഞെരുങ്ങി താമസിക്കുന്നു. അവർ ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതും എല്ലാം ആ ഒറ്റ മുറിക്കുള്ളിൽ ആണ്. അടുത്ത മുറി പൊതുകാര്യങ്ങൾക്ക് ഉപയോഗിക്കാറില്ല. കാരണം ആ മുറിയിൽ അവരുടെ മകൾ ഒരു വലിയ നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു പ്രായമായ ആ മാതാപിതാക്കൾക്കു നല്ലതുപോലെ അറിയാം. അതുകൊണ്ടുതന്നെ ആ മുറിക്കുള്ളിൽ അനുവാദമില്ലാതെ പ്രവേശിക്കാൻ അവർ ആരെയും അനുവദിക്കാറുമില്ല. മധ്യപ്രദേശിലെ അതിദുർബല ഗോത്ര വിഭാഗങ്ങളിൽ ഒന്നായ ബൈഗ സമൂഹത്തിൽ ജനിച്ച ലാഹരി ബായ് തന്റെ പതിനെട്ടാം വയസ്സിലാണ് ചെറു ധാന്യങ്ങളുടെ വിത്തുകൾ ശേഖരിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ തന്റെ അമ്മൂമ്മയുടെ നിർബന്ധപ്രകാരം വിത്തു ശേഖരണം ആരംഭിച്ച അവർ കാലക്രമത്തിൽ സ്വന്തമായി ഒരു വിത്തുകളുടെ ബീജ ബാങ്ക് തന്നെ തന്റെ രണ്ടു മുറി വീട്ടിൽ കെട്ടിപ്പടുക്കുകയുണ്ടായി. മണ്ണു കൊണ്ടു നിർമ്മിച്ച ആ വീട്ടിൽ, മൺ ഭരണികളിൽ 150 ലേറെ തരം ചെറു ധാന്യങ്ങളുടെ വിത്തുകളാണ് ശേഖരിച്ചു വച്ചിരിക്കുന്നത്.
കഴിഞ്ഞ പത്തുവർഷമായി സ്വരുക്കൂട്ടിയ ആ സമ്പത്ത്, ഇന്ന് ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി തിരഞ്ഞെടുക്കപ്പെട്ട ലാഹരി ബായിയെ, ഇന്ത്യൻ പ്രധാനമന്ത്രി ചെറു ധാന്യങ്ങളുടെ ബ്രാൻഡ് അംബാസഡർ ആയും പ്രഖ്യാപിച്ചു. ഈ കഥയെ ആസ്പദമാക്കി ചെറു ധാന്യങ്ങളുടെ പ്രാധാന്യം വിവരിച്ച് കണ്ണൂർ മമ്പറം എച്ച്എസ്എസ് ആണ് നാടകം വേദിയിൽ അവതരിപ്പിച്ചത്.