2024 ജനുവരി 06 ശനി
🌴കേരളീയം🌴
🙏സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ രണ്ടാം ദിനം 113 ഇനങ്ങളില്‍ മല്‍സരം പൂര്‍ത്തിയായപ്പോള്‍ 428 പോയിന്റുമായി കണ്ണൂര്‍ ജില്ല മുന്നില്‍. 405 പോയിന്റു വീതം നേടി പാലക്കാടും കോഴിക്കോടും തൊട്ടു പിറകിലുണ്ട്. 404 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല മൂന്നാം സ്ഥാനത്താണ്.
🙏കലോത്സവ വേദികളില്‍ മല്‍സരത്തിനു നിശ്ചിത സമയത്തിന് ഹാജരാകാത്തവരെ അയോഗ്യരാക്കാന്‍ ഉന്നത കമ്മിറ്റി തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അപ്പീലുകളുടെ ആധിക്യവും കുട്ടികള്‍ വേദിയിലെത്താന്‍ വൈകുന്നതും മൂലം മല്‍സരങ്ങള്‍ വൈകുന്നതു തടയാനാണു നടപടി.
🙏കാസര്‍കോടു നടന്ന ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ പരിഹാസ പോര്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരിനുള്ള പ്രചാരണമാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള കേന്ദ്ര പദ്ധതികള്‍ക്ക് പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ഫണ്ട് ജനങ്ങളുടെ പണമാണെന്നും ആരുടെയും ഔദാര്യമല്ലെന്നായിരുന്നു റിയാസിന്റെ മറുപടി.
🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതി നിലനില്‍ക്കില്ലെന്ന് ഉത്തരവിടാന്‍ ലോകായുക്തക്ക് അനുവാദമില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആര്‍ എസ് ശശികുമാറിന്റെ പരാതി.
🙏കെഎസ്ആര്‍ടിസി
യില്‍ ചെലവു ചുരുക്കല്‍ നടപടിയുമായി മന്ത്രി ഗണേഷ് കുമാര്‍. സ്പെയര്‍ പാര്‍ട്സ് വാങ്ങലില്‍ ദീര്‍ഘകാല കരാറുകള്‍ ഒഴിവാക്കും. നിയമനം ഡ്രൈവര്‍ കണ്ടക്ടര്‍ തസ്തികകളില്‍ മാത്രമാക്കും. മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും.
‘
🙏കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എല്‍ എ കോടതി തള്ളി. രണ്ടാം തവണയാണ് ജാമ്യ ഹര്‍ജി തള്ളുന്നത്.
🙏നവകേരള സദസില്‍ മുഖ്യമന്ത്രിയുടെ യോഗത്തിലേക്കു പോയതു ചായ കുടിക്കാനല്ലെന്നും റബറിനു 250 രൂപയെങ്കിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാനായിരുന്നെന്നും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
🙏എസ്ഐ വീഴ്ചവരുത്തിയെന്ന എം വിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്ഐക്കെതിരെ അന്വേഷണം. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിക്കും.
🙏മൈക്കല്ലേ, എപ്പോഴാണ് ശബ്ദം കൂടുകയെന്നോ കുറയുകയെന്നോ പറയാനാകില്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയിലെ മൈക്ക് തകരാറായതു സംബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം. അതൊന്നും വലിയ പ്രശ്നമല്ല. സംഘാടക സമിതിയില്‍ ഇല്ലാത്ത കുറച്ചു പേര്‍ വന്ന് നടത്തിപ്പുകാരായി ചമയുന്നതാണ് പ്രശ്നമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
🙏നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ ചുമതലകളില്‍നിന്ന് നീക്കിയത് ബിജെപിയില്‍ ചേര്‍ന്നതു കൊണ്ടല്ലെന്ന് ഓര്‍ത്തഡോക്സ് സഭ. മറ്റു ചില പരാതികളില്‍ അന്വേഷണം നടത്തുന്നതിനാലാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടാനും സഭ തീരുമാനിച്ചു.
🙏രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്ന വൈദികര്‍ സഭ ശുശ്രുഷയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ. വൈദികര്‍ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
🙏സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു. 44,020 രൂപ ശമ്പളത്തിലാണ് നിയമനം. നേരത്തെ നാലു ജീവനക്കാരെ തോമസിന് അനുവദിച്ചിരുന്നു.
🙏താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. താമരശ്ശേരി വോക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കൂളിന് സമീപത്തെ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയത്.
🇳🇪 ദേശീയം 🇳🇪
🙏അറബിക്കടലില്‍ സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കു കപ്പല്‍ ഇന്ത്യന്‍ നാവിക സേനയുടെ കമാന്‍ഡോകള്‍ മോചിപ്പിച്ചു. പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു.
🙏ഇന്ത്യന്‍ നാവികസേന ഹെലികോപ്റ്ററില്‍ കപ്പലിനു മുകളിലൂടെ പറന്ന് കടല്‍കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോകണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. കടല്‍കൊള്ളക്കാര്‍ കപ്പല്‍വിട്ടുപോയെന്നാണ് നാവിക സേന അറിയിച്ചത്. ഇതിനു പിറകേ, സേനാംഗങ്ങള്‍ യന്ത്രത്തോക്കുകളുമായി കപ്പലിലേക്കു പ്രവേശിച്ച് ദൗത്യം പൂര്‍ത്തിയാക്കി. നാവികസേനയുടെ ഐഎന്‍എസ് ചെന്നൈ എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.
🙏ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്. ഇന്നു വൈകുന്നേരം നാലു മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്കു കടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ആദിത്യ ലാഗ്രാഞ്ച് പോയിന്റ് ഒന്നിനു ചുറ്റുമുള്ള ഒരു ‘ഹാലോ ഓര്‍ബിറ്റി’ലേക്കാണ് ആദിത്യ എത്തുന്നത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്.
🙏ചെമ്മീന്‍ നോവല്‍ ജപ്പാന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രശസ്തയായ ജപ്പാന്‍ സ്വദേശിനി തക്കാക്കോ തോമസ് അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി വരാപ്പുഴ കൂനന്‍മാവിലെ വീട്ടിലായിരുന്നു അന്ത്യം. ജപ്പാനിലെ ഇറ്റാമിയ സ്വദേശിയായ തക്കാക്കോ വരാപ്പുഴ സ്വദേശിയായ തോമസിനെ വിവാഹം ചെയ്ത് 56 വര്‍ഷമായി കൊച്ചിയിലാണ് താമസിക്കുന്നത്.
🙏കര്‍ണാടക കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിച്ചു.
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ഡി കെ ശിവകുമാറിനെതിരെ 2020 ലാണ് സിബിഐ കേസെടുത്തത്.
🙏കൊല്‍ക്കത്തയിലെ പ്രശ്സതമായ ഇന്ത്യന്‍ മ്യൂസിയത്തിനു ബോംബ് ഭീഷണി. ഇ-മെയില്‍ സന്ദേശം ലഭിച്ചതോടെ മ്യൂസിയത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. ജീവനക്കാരെയെല്ലാം പുറത്താക്കി പരിശോധന നടത്തി.
🙏ഹിസാര്‍ സ്വദേശി പവന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പൊലീസ് ഉദ്യോഗസ്ഥനുമായ ജോഗിന്ദര്‍ ശര്‍മ പ്രതിപ്പട്ടികയില്‍. ഹരിയാനയിലെ ഡിഎസ്പിയായ ജോഗീന്ദര്‍ ഉള്‍പ്പെടെ ആറുപേരാണ് കേസില്‍ പ്രതികള്‍.
🙏സുപ്രീം കോടതിയില്‍ മദ്യക്കുപ്പികള്‍. ട്രേഡ്മാര്‍ക്ക് ലംഘനക്കേസുമായി വാദം നടക്കുന്നതിനിടെയാണ് രണ്ട് വിസ്‌കി കുപ്പികള്‍ ഹാജരാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലണ്ടന്‍ പ്രൈഡ് എന്ന പേരില്‍ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ജെകെ എന്റര്‍പ്രൈസസ് എന്ന കമ്പനി മദ്യം നിര്‍മിക്കുന്നത് തടയണമെന്നു മറ്റൊരു മദ്യക്കമ്പനിയായ ജെകെ എന്റര്‍പ്രൈസസ് പെര്‍നോഡ് റിക്കാര്‍ഡിന്റെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലുമായാണ് പെര്‍നോഡ് കോടതിയില്‍ എത്തിയത്. സമാനമായ പേരുകളും കുപ്പികളും അവതരിപ്പിച്ച് ട്രേഡ് മാര്‍ക്ക് നിയമം ലംഘിച്ചെന്നാണ് പെര്‍നോഡിന്റെ പരാതി.
🏏 കായികം 🏏
🙏ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 19.2 ഓവറില്‍ 141 റണ്‍സിന് എല്ലാവരും പുറത്തായി.
🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷഫാലി വര്‍മയുടേയും 54 റണ്‍സെടുത്ത സ്മൃതി മന്ദാനയുടേയും മികവില്‍ ‘വിജയലക്ഷ്യത്തിലെത്തി.
🙏 ഓസ്‌ട്രേലിയയുമാ
യുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20-പരമ്പരയില്‍ ഈ ജയത്തോടെ 1 -0 ന് മുന്നിട്ടു നില്‍ക്കുന്നു.
🙏ജൂണ്‍ നാലു മുതല്‍ 29 വരെ യു.എസ്.എ.യും വെസ്റ്റ് ഇന്‍ഡീസും ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഫിക്സചര്‍ തയ്യാര്‍. അഞ്ച് ടീമുകളെ വെച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. നാല് ഗ്രൂപ്പില്‍നിന്നുള്ള ഏറ്റവും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടില്‍ കടക്കും. ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയിലും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് ബിയിലും വെസ്റ്റ് ഇന്‍ഡീസും ന്യൂസീലന്‍ഡും ഗ്രൂപ്പ് സിയിലും ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഗ്രൂപ്പ് ഡിയിലുമാണ്. അയര്‍ലന്‍ഡിനെതിരെ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.