ആലപ്പുഴ: 2001ലെ തിരഞ്ഞെടുപ്പില്‍ കായംകുളത്ത് താന്‍ തോറ്റത് പാര്‍ട്ടിയില്‍ നിന്നുള്ള കാലുവാരല്‍ കൊണ്ടാണെന്ന് വിമര്‍ശിച്ച് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍.
കാലുവാരല്‍ ഒരു കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലര്‍ ഇപ്പോഴും കായംകുളത്തുണ്ട്. അത് ഇന്നുമുണ്ട്. നാളെയുമുണ്ടാകും സുധാകരന്‍ പറഞ്ഞു. ഇന്നലെ കായംകുളത്ത് നടന്ന സോഷ്യലിസ്റ്റ് നേതാവ് പി.എ ഹാരീസ് അനുസ്മരണ ചടങ്ങിലാണ് സുധാകരന്റെ വിമര്‍ശനം.
പാര്‍ട്ടി പറഞ്ഞിട്ട് തിരഞ്ഞെടുപ്പിനു മുന്‍പ് കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചു. പത്തിയൂരില്‍ വോട്ട് ലഭിക്കാതിരിക്കാന്‍ ചില വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അക്കാര്യം വീട്ടുകാര്‍ തന്നെ തന്നോട് പറഞ്ഞിരുന്നു. ദേവികുളങ്ങരയില്‍ വാഹന പര്യടനത്തിന് കാത്തുനിന്ന് തനിക്ക് രാവിലെ 11 മണി കഴിഞ്ഞിട്ടും വാഹനം കിട്ടിയില്ല.
തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ കെ.കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്നു. തനിക്ക് വോട്ട് നല്‍കരുതെന്ന് പറഞ്ഞു. അവിടെ തനിക്ക് മൂന്നുറ് വോട്ട് എങ്കിലും മറിഞ്ഞു. പുറകില്‍ കഠാര ഒളിപ്പിച്ചുപിടിച്ച് കുത്തുന്നതാണ് പലരുടേയും ശൈലി. മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ഇടതുപക്ഷമെന്നും സുധാകരന്‍ പറഞ്ഞു. വ്യക്തിപരമായ ഒരു കാര്യം സാധിച്ചുകൊടുക്കാത്തതിന്റെ വൈരാഗ്യമായിരുന്നു കെ.കെ ചെല്ലപ്പന്.
കഴിഞ്ഞ ദിവസം ഒരു പുസ്തക പ്രകാശ ചടങ്ങിലും സുധാകരന്‍ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനു ശേഷം പാര്‍ട്ടിയ്ക്കെതിരെ വിമര്‍ശനം പല വേദികളിലും സുധാകരന്‍ ഉന്നയിച്ചിട്ടുണ്ട്.