കാസർഗോഡ്. എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സുധീഷാണ് മരിച്ചത്. സംഭവത്തിൽ കാസർഗോഡ് ടൌൺ പൊലീസ് അന്വേഷണം ആരംഭിച്ചു
ഏറെ കാലമായി പൂട്ടികിടക്കുന്ന കറന്തക്കാട്ടെ ആശുപത്രി കെട്ടിടത്തിന് സമീപത്ത് നിന്നാണ് സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിക്കാനായാണ് സുധീഷ് ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിലെത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള കണ്ടെത്തൽ. തുടർന്ന് എന്ത് സംഭവിച്ചുവെന്നതിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ വ്യക്തയുണ്ടാകു. മുഖത്തും കാലുകളിലും കാര്യമായ മുറിവുകളുണ്ട്. മദ്യലഹരിയിൽ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്ന് താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.
വിരലടയാള വിദഗ്ധരും, ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി. കാസർഗോഡ് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ സുധീഷ് കഴിഞ്ഞ ഇരുപത് ദിവസത്തോളമായി അവധിയിലാണ്. അമിത മദ്യപാനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ നേരത്തെ നടപടി നേരിട്ട ഉദ്യാഗസ്ഥനാണ് സുധീഷ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി