ഇടുക്കി. വണ്ടിപ്പെരിയാർ പീഡനകേസിലെ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തിപ്പരിക്കേൽപ്പിച്ച പാൽരാജ് പോലീസ് പിടിയിൽ. കേസിൽ കോടതി വെറുതെ വിട്ട അർജുന്റെ പിതൃ സഹോദരനാണ് പ്രതി. കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കും എന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പോലീസ് തീരുമാനം.
ഇന്നലെ രാവിലെ വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽവെച്ചാണ് പാൽരാജ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തി പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും കുത്തേറ്റ ഇരുവരെയും നാട്ടുകാരാണ് പിരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പീരുമേട് നിന്ന് പൊലീസ് പിടികൂടി. ഇയാൾ അക്രമത്തിനുശേഷം സിപിഐഎമ്മിന്റെ പാർട്ടി ഓഫീസിൽ കയറിയിരുന്നതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഫലം കണ്ടു. പരിക്കേറ്റ ചികിത്സയിലുള്ള പിതാവിന്റെയും മുത്തച്ഛനെയും നില തൃപ്തികരമാണ്. വൈകിട്ട് മകളെ മാപ്പ് എന്ന പേരിൽ വണ്ടിപ്പെരിയാറിൽ കോൺഗ്രസ് സ്ത്രീജ്വാല സംഘടിപ്പിച്ചിട്ടുണ്ട്.