കണ്ണൂർ: കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. വ്യക്തികൾക്കും സ്വാശ്രയ സംഘത്തിലുമായി ജോസിന് കട ബാധ്യതയുണ്ടായിരുന്നു. വാഴക്കൃഷി നഷ്ടത്തിലായതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ സ്വദേശിയായ ജോസാണ് രാവിലെ തൂങ്ങിമരിച്ചത്. സുഹൃത്തിന്റെ വീട്ടുവളപ്പിലാണ് മുണ്ടിൽ തൂങ്ങിയ നിലയിൽ ജോസിനെ കണ്ടത്. ജോസിന് പത്ത് സെന്റ് സ്ഥലമാണ് ഉടമസ്ഥതയിലുള്ളത്. എന്നാൽ വിവിധയിടങ്ങളിൽ പാട്ടത്തിന് ഭൂമിയെടുത്ത് വാഴക്കൃഷി നടത്തിയിരുന്നു. വാഴക്കൃഷിയാണ് ജോസിന്റെ വരുമാന മാർഗം. കഴിഞ്ഞ വർഷങ്ങളായി വാഴക്കൃഷി നഷ്ടത്തിലുമായിരുന്നു. വ്യക്തികൾക്കും സ്വാശ്രയ സംഘത്തിലുമായി ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു. സ്വാശ്രയ സംഘത്തിലും 2 ലക്ഷം വായ്പയുണ്ടായിരുന്നു. ഇന്ന് രാവിലെ സ്വാശ്രയ സംഘത്തിലും ജോസ് ചെന്നിരുന്നു. അടവ് മുടങ്ങിയതിനാലാണ് സ്വാശ്രയ സംഘത്തിലെത്തിയത്. തുടർന്ന് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ജോസ് തിരിച്ചു പോവുകയായിരുന്നു. ജീവനക്കാർ ഫോണിൽ വിളിച്ചെങ്കിലും ഇനി വിളിക്കേണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ജോസിന് മൂന്ന് മക്കളാണുള്ളത്. മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാൺമക്കൾ കൂലിപ്പണിക്കാരാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.