നവകേരള യാത്രയ്‌ക്കെതിരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പാടില്ലായിരുന്നു; ബിനോയ് വിശ്വം

Advertisement

കോഴിക്കോട്: നവകേരള യാത്രക്കെതിരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് യാത്രയുടെ നിറംകെടുത്തിയെന്ന് സിപിഐ. കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പാടില്ലായിരുന്നുവെന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള യാത്രയില്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പാടില്ലായിരുന്നു. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയത് ശരിയായില്ല എന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്.
ഇക്കുറി സി പി ഐ നാല് സീറ്റുകളിൽ കൂടുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവശ്യപ്പെടുമെന്ന സൂചനയും ബിനോയ് വിശ്വം നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ നാല് സീറ്റുകളെക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നതെന്നും കേന്ദ്രഭരണത്തില്‍ വരുമെന്നുറപ്പിക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 20 സീറ്റ് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ ഇടതുപക്ഷം നിര്‍ണായക ശക്തിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടത്. ഒപ്പം രാഹുൽ കേരളത്തിൽ മത്സരിക്കേണ്ടെന്നും, വടക്കേ ഇന്ത്യയിലേക്ക് പോകട്ടെ എന്നും ബിനോയ് വിശ്വം പറയുകയുണ്ടായി.

ഇന്ത്യ സഖ്യത്തിന്റെ സ്പിരിറ്റ് കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാന്‍ ആവാത്തതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായത്. സഖ്യത്തിന്റെ പ്രധാന നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാതെ തെരഞ്ഞെടുപ്പിന്റെ കേന്ദ്രസ്ഥാനമായ വടക്കേ ഇന്ത്യയില്‍ മത്സരിക്കണമെന്നും കേരളത്തിലേക്ക് മത്സരിക്കാന്‍ വരുന്നത് രാഷ്‌ട്രീയ ബുദ്ധിയാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മത്സരിക്കണം അല്ലെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസിന് പഴയ പ്രതാപമില്ല. തൃശ്ശൂരില്‍ പ്രതാപന്‍ പരാജയപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Advertisement