പാട്ടത്തിനെടുത്ത സ്ഥലത്തെ വാഴക്കൃഷി നശിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത,കൃഷിയിടത്തിൽ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയിൽ

Advertisement

കണ്ണൂര്‍.സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ആലക്കോട് പാത്തൻപാറ സ്വദേശി ഇടപ്പാറക്കൽ ജോസാണ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത സ്ഥലത്തെ വാഴക്കൃഷി നശിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത മനോവിഷമത്തിലാക്കിയിരുന്നതായി ബന്ധുക്കൾ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് വീടിനടുത്തുള്ള കൃഷിയിടത്തിൽ ജോസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലെ സ്വാശ്രയ സംഘത്തിന്റെ യോഗത്തിലെത്തിയ ജോസ് വായ്പ ലഭിക്കാൻ സാധ്യതയുണ്ടോയെന്ന് ആരാഞ്ഞിരുന്നു. എന്നാൽ മുൻഗണന അനുസരിച്ച് അർഹതയില്ലെന്ന മറുപടി ലഭിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ജോസിനെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലാണ് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുച്ഛമായ സ്ഥലം മാത്രം സ്വന്തമായുള്ള ജോസ് ഏറെക്കാലമായി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു. വാഴക്കൃഷിയായിരുന്നു പ്രധാന ആശ്രയം. പാട്ട കൃഷിയിൽ തുടർച്ചയായുണ്ടായ നഷ്ടം ജോസിനെ സാമ്പത്തികമായി തളർത്തി. നാട്ടിലെ സ്വകാര്യ വ്യക്തികളിൽ നിന്നും സ്വാശ്രയ സംഘങ്ങളിൽ നിന്നും സ്വീകരിച്ച വായ്പ മടക്കി നൽകാൻ കഴിയാതെ വന്നു.

പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശേഷമാകും സംസ്കാരം. കഴിഞ്ഞ 2 മാസത്തിനിടെ കണ്ണൂർ ജില്ലയിലെ മൂന്നാമത്തെ കർഷക ആത്മഹത്യയാണ് ജോസിന്റെത്.

Advertisement