ജോലിക്ക് കോഴ 50,000 രൂപ, കോൺഗ്രസ് നേതാക്കളുടെ ഫോൺ സംഭാഷണം പുറത്ത്

Advertisement

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ ജോലിക്ക് കോഴ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തമ്മിൽ നടത്തിയെന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് അംഗം കരീം പുഴങ്കലും കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവ് സണ്ണിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്.

കൊടിയത്തൂർ സാംസ്കാരിക നിലയത്തിൽ പാർടൈം ലൈബ്രേറിയൻ നിയനത്തിന് കോഴ ആവശ്യപ്പെടുന്നതാണ് ഫോൺ സംഭാഷണം. മാസം 12000 രൂപ ഓണറേറിയം കിട്ടുന്ന തസ്തികയിലെ നിയമനത്തിന് 50,000 രൂപ ആവശ്യപ്പെടുന്നതാണ് ഫോൺ സംഭാഷണം.

കോട്ടമ്മലിലെ സാംസ്കാരിക കേന്ദ്രത്തിൽ ലൈബ്രേറിയനെ നിയമിക്കാൻ ഭരണസമിതി ഇന്റർവ്യൂ നടത്തിയിരുന്നു. ഒന്നാം റാങ്ക് നേടിയ വ്യക്തി നിയമനം വേണ്ടെന്ന് അറിയിച്ചു.കൂമ്പാറ സ്വദേശിയായ രണ്ടാം റാങ്കുകാരിക്ക് വേണ്ടിയാണ് കൊടിയത്തൂരിലെ മെമ്പറും കൂടരഞ്ഞിയിലെ കോൺഗ്രസ്സ് നേതാവും തമ്മിലുള്ള ഫോൺ സംഭാഷണം. പഞ്ചായത്തിൻറെ ആവശ്യത്തിനാണ് തുകയെന്നും 50000 രൂപ വേണമെന്നും പറയുന്നത് സംഭാഷണത്തിൽ വ്യക്തമാണ്.

ഫോൺ സംഭാഷണത്തിലെ സണ്ണിയും കരീം പുഴങ്കലും കോൺഗ്രസ്സിലെ രണ്ട് ചേരിയിലെ പ്രാദേശിക നേതാക്കളാണ്. ഗ്രൂപ്പ് വഴക്കിനെ തുടർന്ന് കരീമിൻറെ എതിരാളികളാണ് സംഭാഷണം പ്രചരിപ്പിച്ചതെന്നാണ് സൂചന. കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് ഭരണ സമിതി രാജി വെക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

Advertisement