വാർത്താനോട്ടം

Advertisement

2024 ജനുവരി 09 ചൊവ്വ

BREAKING NEWS

👉യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു

👉രാഹൂൽ മാങ്കൂട്ടത്തലിൻ്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം.സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം

👉ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഇടുക്കി തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്യും.

👉ഭൂമി പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവക്കാത്തതിന്റെ പേരില്‍ എല്‍ഡിഎഫ് ഇന്ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

👉സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

🌴കേരളീയം🌴

🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി, മുന്‍ മന്ത്രിസഭയിലെ 18 അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

🙏നവ കേരള സദസില്‍ വിവിധ ജില്ലകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി അവലോകന യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നു. നാലു ദിവസങ്ങളിലായി 20 യോഗങ്ങള്‍ നടത്തും. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

🙏കണ്ണൂര്‍ ജില്ലയ്ക്കു സ്വര്‍ണക്കപ്പ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 952 പോയിന്റുമായാണ് കണ്ണൂര്‍ ജില്ല മൂന്നു പോയിന്റു കുറവുള്ള കോഴിക്കോടിനെ പിന്തള്ളി ഓവറോള്‍ ചാമ്പ്യന്മാരായത്. 949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി. 935 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുണ്ട്.

🙏അടുത്ത വര്‍ഷം കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായ നടന്‍ മമ്മൂട്ടി പറഞ്ഞു.

🙏കെ.എസ്.ആര്‍.ടി.സി
യില്‍ ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി വിതരണം ചെയ്യണമെന്നു ഹൈക്കോടതി. എല്ലാ മാസവും പത്താം തീയതിയ്ക്കു മുന്‍പ് ആദ്യ ഗഡുവും ഇരുപതാം തീയതിയ്ക്കു മുമ്പ് രണ്ടാം ഗഡുവും നല്‍കണം.

🙏ആലത്തൂരില്‍ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് പൊലീസ് എസ്ഐ മോശമായി പെരുമാറിയ സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോടു വിശദീകരണം തേടി. ഈ മാസം 18 ന് ഡിജിപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

🙏കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ തിരുവന്തപുരത്തു തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു ബിജെപി നേതാവ് ഒ രാജഗോപാല്‍. ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാജഗോപാല്‍. എന്നാല്‍ പിന്നീട് ബിജെപി നേതാക്കളുടെ സമ്മര്‍ദംമൂലം രാജഗോപാല്‍ അതു തിരുത്തി. ശശി തരൂരിന്റെ സാന്നിധ്യം നാമമാത്രമായ തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്നാണ് അദ്ദേഹം തിരുത്തിയത്.

🙏ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസന്. ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 15 നു രാവിലെ എട്ടിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിക്കും.

🙏മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ നിയമസഭയില്‍ അക്രമം നടത്തിയ കേസില്‍ തുടരന്വേഷണം നടത്തിയതിന്റെ മുഴുവന്‍ രേഖകളും ലഭിച്ചില്ലെന്ന് പ്രതിഭാഗം കോടതിയില്‍. രേഖകള്‍ സമര്‍പ്പിക്കാന്‍ തടസമുണ്ടോയെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.

🙏സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയ കണ്ണൂര്‍ ജില്ലയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദിച്ചു.

🙏തിരുവനന്തപുരം ലോ അക്കാദമിയില്‍ എബിവിപി – എസ്എഫ്ഐ സംഘര്‍ഷം. വിദ്യാര്‍ത്ഥിയുടെ റാഗിംഗ് പരാതിയില്‍ തെളിവെടുക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി എസ്. അര്‍ജുനെ എസ്എഫ്ഐക്കാര്‍ റാഗ് ചെയ്‌തെന്നാണു പരാതി. അര്‍ജുന്റെ അമ്മ നിഷ പ്രവീണിനെയും എസ്എഫ്ആക്കാര്‍ മര്‍ദിച്ചെന്നും പരാതിയുണ്ട്.

🇳🇪 ദേശീയം 🇳🇪

🙏ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ അപേക്ഷിക്കാത്ത പ്രതിയെപോലും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചെന്ന് സുപ്രീം കോടതി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഉത്തരവിലാണ് ഈ നിരീക്ഷണം. പ്രതികളെയെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു

🙏തമിഴ്നാട്ടില്‍ ബസ് സമരം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപതിലേറെ യൂണിയനുകള്‍ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു.

🙏കൂട്ടബലാല്‍സംഗ കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി ശരിക്കും പുതുവര്‍ഷം പുലര്‍ന്നതുപോലെയാണെന്ന് ബില്‍ക്കിസ് ബാനു ഡല്‍ഹിയില്‍ പ്രതികരിച്ചു. നീതി പുലരുമെന്ന പ്രതീക്ഷയാണ് ഈ വിധിയിലൂടെ ഉണ്ടായതെന്നും അവര്‍ പറഞ്ഞു. പ്രസ്താവിക്കുന്നതിനു മുമ്പേ ബില്‍ക്കിസ് ബാനുവും കുടുംബവും ഗുജറാത്തിലെ രണ്‍ദിക്പൂര്‍ ഗ്രാമത്തില്‍നിന്ന് സ്ഥലം വിട്ടിരുന്നു.

🙏കുറ്റവാളികളുടെ രക്ഷകര്‍ത്താവ് ആരെന്ന ചോദ്യമാണ് ബില്‍ക്കിസ് ബാനു വിധിയിലൂടെ സുപ്രീംകോടതി ഉയര്‍ത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി.യുടെ സ്ത്രീവിരുദ്ധസമീപനം മറനീക്കി പുറത്തുവന്നതായി എ.ഐ.സി.സി. ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പറഞ്ഞു.

🙏രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പു നടന്ന കരണ്‍പൂരില്‍ ബിജെപി മന്ത്രിയായ സുരേന്ദര്‍പാല്‍ സിംങ് തോറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രുപീന്ദര്‍ കുന്നറിനാണ് ജയം. നിയമസഭാ തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ മാറ്റിവച്ച തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനു വിജയം.

🙏തമിഴ്നാട് സര്‍ക്കാര്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമത്തിലൂടെ തമിഴ്നാടിനു ലഭിച്ചത് ഏഴ് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം. ആഗോളതലത്തിലെയും രാജ്യത്തെയും വന്‍കിട കമ്പനികള്‍ അമ്പരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി തമിഴ് നാട്ടില്‍ പ്രഖ്യാപിച്ചത്.

🙏ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ ബംഗാള്‍ പൊലീസില്‍ പരാതി. റേഷന്‍ അഴിമതി കേസില്‍ ഷാജഹാന്‍ ഷെയ്ഖ് രക്ഷപ്പെട്ടത് മുഖ്യമന്ത്രി മമതയുടെ ഒത്താശയോടെയാണെന്ന അമിത് മാളവ്യയുടെ ആരോപണത്തിനെതിരേ ടിഎംസി നേതാവ് ചന്ദ്രിമ ഭട്ടാചാര്യയാണ് പരാതി നല്‍കിയത്.

🙏പൂനെ ലോക്സഭാ മണ്ഡലത്തില്‍ ഉടനേ ഉപതെരഞ്ഞെടുപ്പു നടത്തണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ലോക്സഭയുടെ കാലാവധി ജൂണ്‍ 16 ന് അവസാനിക്കാനിരിക്കേ ഉപതെരഞ്ഞെടുപ്പു നടത്തുന്നതു വെറുതെയാകുമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

കായികം

🙏ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. ക്യാപ്റ്റന്‍ എന്ന നിലയില്‍ 1974 ലും കോച്ച് എന്ന നിലയില്‍ 1990 ലും ജര്‍മനിക്ക് ലോകകപ്പ് സമ്മാനിച്ചതിനുളള അപൂര്‍വ ബഹുമതി ആരാധകകര്‍ ‘കൈസര്‍’ എന്നു വിളിക്കുന്ന ബെക്കന്‍ബോവര്‍ക്ക് അവകാശപ്പെട്ടതാണ്.

Advertisement