രാഹുൽ മാങ്കൂട്ടത്തിൽജയിലിലേക്ക് ; ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല , ജാമ്യം നിഷേധിച്ച് കോടതി

Advertisement

തിരുവനന്തപുരം: ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹൂൽ മാങ്കൂട്ടത്തിലിനെ വഞ്ചിയൂർ കോടതി റിമാൻ്റ് ചെയ്തു. ജനറൽ ആശുപത്രിയിൽ
15 മിനിട്ടിലേറെ നീണ്ട പരിശോധനയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയില്ല . ചില മരുന്നുകൾ മാത്രം ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. വൈദ്യ പരിശോധനാ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്.

അറസ്റ്റിനെ തുടർന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിനിടെയാണ് കോടതി നടപടി ഉണ്ടായത്.
ഇന്നു രാവിലെ ആറ് മണിയോടെയാണ് അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളിയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം കൺട്രോൻൻമെൻ്റ് പോലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് വിശദമായ മെഡിക്കൽ പരിശോധന നടത്താൻ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് നിർദേശിച്ച്ത്.തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം വീണ്ടും വഞ്ചിയൂർ കോടതിയിൽ എത്തിച്ചു.
വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം മാത്രമാണ് ആശുപത്രിയിൽ നിന്ന് വന്നതെന്നും രാഹുൽ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദ പരിശോധനയ്ക്ക് നിർദേശിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ പറഞ്ഞു. രാഹുലിന് ഉടനടി ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റിയ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റ് പ്രതികൾ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തി. നാലാം പ്രതിയായ രാഹുലിനു ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമെന്നും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.

മുന്നൂറോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളും കയ്യിൽ കൊടിക്കമ്പുകളും തടിക്കഷണവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയെ തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ ഫൈബർ ഷീൽഡ്, ഹെൽമറ്റ്, ഫൈബർ ലാത്തി എന്നിവയ്ക്ക് പ്രവർത്തകർ കേടുപാടു വരുത്തി. 50000 രൂപയുടെ നഷ്ടം സംഭവിച്ചു. പൂജപ്പുര എസ്എച്ച്ഒ റജിന്റെ കൈയ്യിലെ അസ്ഥിപൊട്ടി. സെക്രട്ടേറിയറ്റിന്റെ സുരക്ഷയിലുണ്ടായിരുന്ന വ്യവസായ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതര പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാത്തിയും ഷീൽഡും അടിച്ചു പൊട്ടിക്കുന്ന വിഡിയോയും പൊലീസ് കോടതിയിൽ ഹാജരാക്കി.