കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ,പ്രളയം

Advertisement

കോഴിക്കോട്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. ഇരവഞ്ഞിപുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ദേശീയ പാതയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടലൂരിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി .


പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. ഉച്ചയ്ക്ക് ശേഷം കോഴിക്കോടിന്റെ നഗര- മലയോര മേഖലകളിൽ ഇടിമിന്നലോടുകൂടി ശക്തമായ മഴ പെയ്തു. കിഴക്കൻ മലയോര മേഖലയിലെ ശക്തമായ മഴ ഇരവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിന് കാരണമായി.

കുളിരാമുട്ടിയേയും കുടഞ്ഞരഞ്ഞിയേയും ബന്ധിപ്പിക്കുന്ന പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കുളിരാമുട്ടിയിൽ ട്രാൻസ്ഫോർമർ വെള്ളത്തിനടിയിലായതോടെ വൈദ്യുതി വിശ്ചേദിച്ചു. കൊയിലാണ്ടിയിൽ അടക്കം ദേശീയ പാതയിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. എരഞ്ഞിക്കലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണു. യാത്രക്കാർക്ക് പരുക്കില്ല. കടലൂരിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളി റസാഖിന്റെ മൃതദേഹം നന്തിയിൽ നിന്നും കണ്ടെത്തി. കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്, നേവിയുടെ ഹെലികോപ്റ്റർ എന്നിവയുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement