എംഎൽഎയുമായുള്ള വാക്കുതർക്കം; കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിയുണ്ടായേക്കും

Advertisement

കണ്ണൂർ ടൗൺ എസ് ഐ ഷമീലിനെതിരെ എം വിജിൻ എംഎൽഎ നൽകിയ പരാതി ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ഷമീലിന് തെറ്റുപറ്റിയെന്നാണ് എസിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് എസ് ഐ പെരുമാറിയതെന്നും എസ് ഐയുടെ പെരുമാറ്റമാണ് സ്ഥിതി വഷളാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എം വിജിൻ എംഎൽഎ ആണെന്ന് മനസിലാക്കിയ ശേഷവും എസ് ഐ മോശമായി പെരുമാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമീലിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി.

സസ്‌പെൻഷൻ നടപടിയിലേക്ക് നീങ്ങുകയാണേൽ ഡിഐജിയ്ക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. ഒരാഴ്ച മുമ്പാണ് നഴ്‌സിങ് അസോസിയേഷന്റെ കളക്ടറേറ്റ് മാർച്ചിനിടെ എസ് ഐയും എംഎൽഎയും തമ്മിൽ തർക്കമുണ്ടായത്. കളക്ട്രേറ്റിനുള്ളിൽ കടന്നവർക്ക് കേസെടുക്കുമെന്ന എസ്ഐയുടെ മുന്നറിയിപ്പാണ് എംഎൽഎയുമായി വാക്കുതർക്കത്തിലേക്ക് നീങ്ങിയത്.