രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിക്കാൻ അട്ടിമറി ശ്രമങ്ങൾ നടന്നുവെന്ന് വി ഡി സതീശൻ, ജാമ്യാപേക്ഷ 17നേ പരിഗണിക്കൂ

Advertisement

തിരുവനന്തപുരം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിക്കാൻ അട്ടിമറി ശ്രമങ്ങൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒ യെ സ്വാധീനിച്ച് രാഹുലിനെതിരെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഹുലിന്റെ അറസ്റ്റിനെതിരെ കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധവും ഇന്ന് നടക്കും. അതിനിടെ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 17 ലേക്ക് മാറ്റി.

പൊലീസിനും തിരുവനന്തപുരം ജനറൽ ആശുപത്രി RMO ക്കുമെതിരെ അതി ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉന്നയിച്ചിരിക്കുന്നത്. രാഹുലിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് വ്യാജ സർട്ടിഫിക്കറ്റാണ് പോലീസ് കോടതിയിൽ ഹാജരാക്കിയതെന്ന് വി ഡി സതീശൻ. അട്ടിമശ്രമങ്ങൾക്ക് കൂട്ടുനിന്ന ഒരുദ്യോഗസ്ഥരെയും കോൺഗ്രസ് വെറുതെ വിടില്ലെന്നും പ്രതിപക്ഷ നേതാവ്

രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ സമർപ്പിച്ചത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആണെന്ന പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഇന്ന് വക്കീൽ നോട്ടീസ് അയക്കുമെന്ന് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി

രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. രാഹുലിന്റെ അറസ്റ്റിനു ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പിൽ

അതിനിടെ ജാമ്യാപേക്ഷയുമായി
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും കോടതിയെ സമീപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ മാസം 17ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കും