ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാം സീറ്റ് ആവശ്യം ഉന്നയിക്കുമെന്ന് മുസ്ലീം ലീം​ഗ്

Advertisement

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം കോണ്‍ഗ്രസ്സുമായുളള ഉഭയകക്ഷി ചർച്ചയിലുന്നയിക്കുമെന്ന് മുസ്ലീം ലീഗ്. അധിക സീറ്റിന് പാർട്ടിക്ക് അർഹതയുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഘടക കക്ഷികളുടെ ആവശ്യം പരിശോധിക്കുമെന്നായിരുന്നു മുന്നണി കണ്‍വീനർ എം എം ഹസന്‍റെ പ്രതികരണം

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന യുഡിഎഫ് ഈ മാസം 25 മുതല്‍ സീറ്റു വിഭജന ചർച്ചകളാരംഭിക്കും. ലീഗിന്‍റെ അധിക സീറ്റ് ആവശ്യവും കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന്‍റെ അവകാശ വാദവുമായിരിക്കും ചർച്ചകളില്‍ പ്രധാനം. മൂന്നു സീറ്റുകള്‍ വേണമെന്ന ആവശ്യം മുസ്ലീം ലീഗ് ഇന്നും ആവർത്തിച്ചു. ഉഭയകക്ഷി ചർച്ചയില്‍ വിഷയം അവതരിപ്പിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

ഘടകകക്ഷികളുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്നായിരുന്നു മുന്നണി കണ്‍വീനർ എം എം ഹസന്‍റെ പ്രതികരണം. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്സിന് തന്നെയെന്നും ഹസൻ പറഞ്ഞു.

കോട്ടയം ഏറ്റെടുത്ത് പകരം പത്തനംതിട്ട കേരളാ കോണ്‍ഗ്രസ്സിന് നല്‍കുന്നത് സംബന്ധിച്ച് ചില ആലോചനകള്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്നുണ്ട്. അധിക സീറ്റിന് ലീഗ് അർഹരാണെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ മൂന്നാം സീറ്റ് ആവശ്യം കോണ്‍ഗ്രസ്സ് തളളാനാണ് സാധ്യത. 25 മുതല്‍ ആരംഭിക്കുന്ന ഉഭയകക്ഷി ചർച്ചകളിലും കെപിസിസി ജാഥക്കിടെ ഘടകകക്ഷി നേതാക്കളുമായുളള കൂടിക്കാഴ്ചകളിലുമാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്തുക. ആലപ്പുഴ, കണ്ണൂർ സീറ്റുകളില്‍ കോണ്‍ഗ്രസ്സിനും സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ടതുണ്ട്. മറ്റിടങ്ങളില്‍ സിറ്റിങ് എം പിമാരെ തന്നെ രംഗത്തിറക്കാനാണ് സാധ്യതകളധികവും.