കുത്തിവയ്പിനെ തുടർന്ന് ഏഴുവയസുകാരന്റെ കാൽ തളർന്ന സംഭവം: നഴ്സിനെതിരെ വിചിത്ര അച്ചടക്ക നടപടി

Advertisement

തൃശ്ശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെയ്പ്പെടുത്ത ഏഴ് വയസുകാരന്റെ കാലു തളർന്ന സംഭവത്തിൽ വീഴ്ച വരുത്തിയ നഴ്സിനെതിരെ ആരോഗ്യ വകുപ്പിന്റെ വിചിത്ര അച്ചടക്ക നടപടി. നഴ്സ് പ്രതീഷിനെ സ്ഥലം മാറ്റിയത് സ്വന്തം നാടായ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ. തീരുമാനത്തിന് എതിരെ ആരോഗ്യ മന്ത്രിക്കു പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം.

ഡിസംബർ ഒന്നിനാണു ചാവക്കാട് സ്വദേശികളായ ഷാഫിൽ -ഹിബ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഗസാലിയെ തലവേദനയും , ശർദ്ദിയും ഉണ്ടായതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവയ്പ്പെടുത്തത്. ഗസാലിയുടെ ഇടതു കൈയിലാണ് ആദ്യം കുത്തിവെപ്പ് നൽകിയത്. കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് എടുത്തു. ഇതോടെയാണ് ഇടതു കാൽ തളർന്നത്.

ആശുപത്രി സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ടിൽ പ്രതീഷിന്റെ വീഴ്ച ചൂണ്ടികാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആരോഗ്യ വകുപ്പ് നടപടി എടുത്തത്. എന്നാൽ സ്ഥലം മാറ്റം കിട്ടിയതാകട്ടെ സ്വന്തം നാടായ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ. നടപടിക്കെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. ഒരു കാലിനു ചലന ശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. തക്കതായ നഷ്ടപരിഹാരം കിട്ടണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. നേരത്തെ വീഴ്ച വരുത്തിയ താലൂക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തിരുന്നു. താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർക്ക് എതിരെയാണ് നടപടി ഉണ്ടായത്. അതെ സമയം പുരുഷ നഴ്സിനെതിരെ ഉള്ള നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങിയതിൽ ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാർക്കും അതൃപ്തിയുണ്ട്.

Advertisement