പോപ്പുലര്‍ ഫ്രണ്ട് നിരോധനം സവാദിനെ കുടുക്കി,അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്കും വ്യാപിപ്പിച്ചതോടെ ചിത്രം വ്യക്തമായി

Advertisement

കൊച്ചി. പോപ്പുലര്‍ ഫ്രണ്ട് നിരോധനമാണ് സവാദിലേക്ക് എത്തിച്ചതെന്ന് സൂചന. എന്‍ഐഎ നടത്തിയ ശക്തമായ ചോദ്യം ചെയ്യലില്‍ അകത്തായ ചിലരില്‍ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു വെന്നാണ് വിവരം. കൈവെട്ട് കേസ് പ്രതി സവാദ് കണ്ണൂർ ജില്ലയിൽ മാത്രം ഒളിവിൽ കഴിഞ്ഞത് 8 വർഷമാണ്.

സവാദ് രാജ്യം വിട്ടുവെന്ന നിഗമനത്തിലായിരുന്ന മറ്റ് അന്വേഷണ ഏജന്‍സികള്‍ കേസ് ഏതാണ്ട് അടച്ച നിലയിലായിരുന്നു. ഇയാള്‍ കേരളത്തില്‍ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണ്. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ ബന്ധപ്പെട്ടില്ല

കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റെന്ന് ഏജന്‍സി. എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചു.

അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്കും വ്യാപിപ്പിച്ചതാണ് നേട്ടമായത്. സവാദിന് വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകൾ തരപ്പെടുത്താൻ എസ്ഡിപിഐ സഹായം ലഭിച്ചു

മട്ടന്നൂരിലെ വാടകവീട്ടിൽ നിന്ന് താമസം മാറാനിരിക്കെകയാണ് അറസ്റ്റ്. വീടുകള്‍ പോലെ തുടർച്ചയായി സിം കാർഡുകളും മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. സവാദിൻ്റെ ഭാര്യയും സഹായിച്ചവരെയും ചോദ്യം ചെയ്യാൻ എന്‍ഐഎ തയ്യാറെടുക്കുകയാണ്.