വാർത്താനോട്ടം

Advertisement

2024 ജനുവരി 13 ശനി

BREAKING NEWS

👉കരുനാഗപ്പള്ളിയിൽ തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സലിം മണ്ണേൽ മരിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ,

👉തൊടിയൂർ പഞ്ചായത്തിൽ എൽ ഡി എഫ് ഹർത്താൽ തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ

👉തിരുവാഭരണ ഘോഷയാത്ര
ഇന്ന് ഉച്ചയ്ക്ക് പന്തളത്ത് നിന്ന് പുറപ്പെടും.

👉ബീഹാറിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ

🌴കേരളീയം🌴

🙏മകരപ്പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

🙏സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്നാരംഭിക്കും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കരാറുകാര്‍ പണിമുടക്കുന്നത്.

🙏യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ ജയ്‌സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

🙏എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പുതുമയില്ലെന്നും ഇഎംഎസിനെ അനുസ്മരിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയ പുസ്തകത്തിലെ വരികളാണ് ഇതെന്നും സിപിഎം. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ കക്ഷിചേരേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

🙏എംടി പറഞ്ഞത് ഗൗരവമായ കാര്യമാണെന്നും വീരാരാധനയില്‍ പെട്ടുപോയ മണ്ടന്‍ സമൂഹമാണ് നമ്മുടേതെന്നും എഴുത്തുകാരന്‍ സക്കറിയ. വീരാരാധനയിലൂടെയും വ്യക്തിപൂജയിലൂടെയുമാണ് ഹിറ്റ്‌ലര്‍മാര്‍ ഉണ്ടായത്. എന്നാല്‍ എംടി പറഞ്ഞതിനെ വ്യാഖാനിക്കാനില്ലെന്നും സക്കറിയ പറഞ്ഞു.

🙏എം ടി വാസുദേവന്‍ നായര്‍ പിണറായിയുടെ ഭരണത്തെക്കുറിച്ചുകൂടി ഉദ്ദേശിച്ചിരിക്കാമെന്നു സാഹിത്യകാരന്‍ എം കെ സാനു. പൊതുവില്‍ രാജ്യത്തു കാണുന്ന സ്വേച്ഛാധിപത്യ പ്രവണകളെക്കുറിച്ചും എം ടി ഉദ്ദേശിച്ചിരിക്കാമെന്നും എം കെ സാനു കൂട്ടിച്ചേര്‍ത്തു.

🙏രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മത്തില്‍ പങ്കെടുക്കാന്‍ അയോധ്യയിലേക്കു പോകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്കു ക്ഷണമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

🙏അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പുരോഹിതരല്ല പ്രധാനമന്ത്രിയാണ് ചടങ്ങു നടത്തുന്നത്. അതിനര്‍ത്ഥം പ്രതിഷ്ഠാ ചടങ്ങിന് രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ്. വിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണ്, രാഷ്ട്രീയം കളിക്കാനല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താന്‍ രാമക്ഷേത്രത്തില്‍ പോകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

🙏സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🙏ദൂരദര്‍ശനിലെ കൃഷിദര്‍ശന്‍ തത്സമയ പരിപാടിക്കിടെ കാര്‍ഷിക സര്‍വ്വകലാശാല പ്ലാനിങ് ഡയറക്ടര്‍ ഡോ. അനി എസ് ദാസ് (59) കുഴഞ്ഞുവീണു മരിച്ചു. കേരള ഫീഡ്‌സിന്റേയും കേരള ലൈവ് സ്റ്റോക്ക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റേയും എംഡിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

🙏മകരവിളക്ക് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ശബരിമല സന്ദര്‍ശിക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവലോകന യോഗങ്ങളിലും സംബന്ധിക്കും.

🙏തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍’ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക കെട്ടിവയ്ക്കണമെന്നും പ്രതികള്‍ക്കു ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കൗണ്‍സിലിംഗ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

🙏ദമ്പതികള്‍ തമ്മിലുള്ള വഴക്കു പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കിടെ മര്‍ദനമേറ്റ തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ഇടക്കുളങ്ങര മണ്ണേല്‍ വീട്ടില്‍ സലീം മണ്ണേല്‍ മരിച്ചു. അറുപതു വയസായിരുന്നു. കൊലക്കുറ്റത്തിനു പോലീസ് കേസെടുത്തു. പാലോലിക്കുളങ്ങര ജമാ അത്തിലെ യുവാവും യുവതിയും തമ്മിലുള്ള വിവാഹ പ്രശ്നം ഒത്തുതീര്‍ക്കുന്നതിനിടെയാണ് ജമാ അത്ത് പ്രസിഡന്റായ സലീമിനു മര്‍ദനമേറ്റത്.

🙏യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്നു തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ കൊല്ലപ്പെട്ട കേസില്‍ ഒമ്പതു പ്രതികളെയും കോടതി വെറുതെ വിട്ടു. 2013 ഓഗസ്റ്റ് 16 നാണ് ബൈക്കിലെത്തിയ സംഘം ലാല്‍ജിയെ വെട്ടിക്കൊന്നത്.

🙏കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന്റെ ആധാരം പണവുമായി എത്തിയിട്ടും തിരികെ നല്‍കാതെ എസ്എസി എസ്ടി കോര്‍പറേഷന്‍. കര്‍ഷകന്റെ ഭാര്യ ഓമന പണവുമായി എത്തിയിട്ടും വായ്പ തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ജപ്തി നടപടി സ്റ്റേ ചെയ്‌തെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍നിന്നു മാത്രമാണു വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ആര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിഷ്ഠാ ചടങ്ങിനുശേഷം ഏതു ദിവസവും ആര്‍ക്കും രാമക്ഷേത്രം സന്ദര്‍ശിക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

🙏രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ‘അടല്‍ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റര്‍ നീളത്തിലുള്ള ആറുവരി പാലമാണിത്. ഒന്നര മണിക്കൂറോളം വേണ്ടിവന്നിരുന്ന യാത്ര 20 മിനിറ്റുകൊണ്ടു സാധ്യമാക്കുന്ന പാലം സമുദ്രനിരപ്പില്‍ നിന്ന് 15 മീറ്റര്‍ ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

🙏പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തെ ജനകൂട്ടം ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ജനുവരി അഞ്ചിനാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്.

🙏രാമക്ഷേത്രം പുതുക്കിപ്പണിയാന്‍ ശ്രീരാമന്‍ തെരഞ്ഞെടുത്ത ‘ഭക്തന്‍’ ആണ് നരേന്ദ്രമോദിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന വിധി നേരത്തെ കുറിക്കപ്പട്ടതാണെന്നും താന്‍ അതിന്റെ സാരഥി മാത്രമായിരുന്നുവെന്നും ‘രാഷ്ട്രധര്‍മ’ എന്ന മാസികയിലെ ലേഖനത്തില്‍ അദ്വാനി പറഞ്ഞു.

🙏രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും ആഘോഷിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

🙏ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ വീണ്ടും ഭീകരരുടെ വെടിവയ്പ്. സൈനികര്‍ക്കു പരിക്കുകളില്ല. തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു.

🏏 കായികം 🏏

🙏ജനുവരി 25 ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന മത്സരത്തില്‍ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ കൂടിയായ ധ്രുവ് ജുറെലാണ് ടീമിലെ പുതുമുഖം.

🙏ഏഷ്യന്‍കപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ജയം ഖത്തറിനൊപ്പം. ലെബനനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരായ ഖത്തര്‍ തോല്‍പിച്ചത്. ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം ഇന്ന് ഓസ്ട്രേലിയക്കെതിരെയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുക.

Advertisement