വീണാ വിജയനും കമ്ബനിക്കുമെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കമ്ബനിക്കുമെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

പിണറായിയുടെ മകള്‍ ആയതുകൊണ്ടാണ് അന്വേഷണം. എക്സാലോജിക് സിപിഐഎമ്മിന് ബാധ്യതയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവസരവാദ നിലപാട് എടുക്കുന്നു. ഇഡി അന്വേഷണത്തില്‍ പോലും കോണ്‍ഗ്രസിന് ഇരട്ട നിലപാടാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട നീക്കമാണിതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയമാണ്. രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്താന്‍ബിജെപി തീരുമാനിക്കുന്നത്. രാഷ്ട്രീയമാണ് പിന്നിലെന്നും ബിജെപിയുടെത് വര്‍ഗീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിന് ഒപ്പമാണ്. അയോധ്യ വിഷയത്തില്‍ ഉറച്ച നിലപാട് എടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് പോലും കഴിഞ്ഞില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള വീഡിയോയിലും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സൂര്യന്‍ പരാമര്‍ശം വ്യക്തി പൂജയല്ല. സാഹിത്യകാരന്മാരുടെ ക്രിയാത്മക വിമര്‍ശനം ഉള്‍ക്കൊള്ളും. അത്തരം കാര്യങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നവരാണ് പാര്‍ട്ടി. ഏത് വിമര്‍ശനപരമായ നിലപാടിനെയും ശ്രദ്ധിക്കുകയും വീക്ഷിക്കുകയും ചെയ്യും. വ്യക്തിപൂജ പാര്‍ട്ടിയുടെ നിലപാടല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

Advertisement