വയനാട് മൂടക്കൊലിയില്‍ വീണ്ടും കടുവയിറങ്ങി. ശ്രീനേഷ് ശ്രീജിത്ത് എന്നിവരുടെ ഫാമില്‍ ആണ് കടുവ ആറ് പന്നികളെ കൊന്ന് തിന്നത്. കഴിഞ്ഞ ആറാം തീയതി ഇതേ ഫാമില്‍ നിന്ന് 21 പന്നി കുഞ്ഞുങ്ങളെയാണ് കടുവ പിടികൂടിയത്. വയനാട് വൈല്‍ഡ് ലൈഫ് 39 എന്ന പെണ്‍കടുവയാണ് ഈ മേഖലയില്‍ എത്തുന്നതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കടുവാഭീതി വിട്ടോഴിയാത്ത ഇടമായി മാറിയിരിക്കുന്നു മൂടക്കൊല്ലി. പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമാണ് പന്നിഫാമില്‍ കടുവയെത്തിയത്. ആറു പന്നികളെ കൊന്നു തിന്നു. ഒരെണ്ണത്തെ ചത്തനിലയില്‍ ഫാമിനുള്ളില്‍ കണ്ടെത്തി. പന്നികളുടെ ജഡാവശിഷ്ടങ്ങള്‍ സമീപത്ത് നടത്തിയ തെരച്ചില്‍ കണ്ടെത്തി. കടുവയുടെ കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആറാം തീയതി ഫാമില്‍ നിന്നും 21 പന്നിക്കുഞ്ഞുങ്ങളെ കടുവ പിടികൂടിയിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ആടിനെ ഇരയായി വെച്ച് തൊട്ടടുത്ത് കൂടി സ്ഥാപിച്ചു എങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ല. ക്ഷീരകര്‍ഷകനായിരുന്ന പ്രജീഷിനെ കൊലപ്പെടുത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ അകലെയാണ് വീണ്ടും കടുവാ സാന്നിധ്യം ഉണ്ടായിരിക്കുന്നത്.