ശബരിമലയിൽ മകരജ്യോതി ദർശനത്തിന് ക്രമീകരണങ്ങൾ പൂർണ്ണം

Advertisement

ശബരിമല : തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെയും മകരസംക്രമസന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയെയും ദര്‍ശിക്കാൻ ശബരിമലയില്‍ ശരണഘോഷങ്ങളുമായി ഭക്തലക്ഷങ്ങള്‍.
പൂങ്കാവനത്തില്‍ ശരണ മന്ത്രങ്ങള്‍ മുഴങ്ങുന്ന പര്‍ണ്ണശാലകള്‍ നിറഞ്ഞു.
മകരവിളക്ക് ദിനമായ ഇന്ന് പുലര്‍ച്ചെ രണ്ടിന് നട തുറന്നു 2.46ന് മകരസംക്രമ പൂജ നടത്തി. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്‌ തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തും. വൈകിട്ട് അഞ്ചിനാണ് വീണ്ടും നടതുറക്കുക. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടില്‍ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്ബര്‍മാരായ അഡ്വ.എ.അജികുമാര്‍, ജി.സുന്ദരേശൻ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി പി.എൻ.മഹേഷ് നമ് മ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ച്‌ ശ്രീകോവിലിലേക്ക് ആനയിക്കും. 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. തുടര്‍ന്ന് നടതുറക്കുമ്പേള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയുടെ പുണ്യ ദര്‍ശനം.
രാത്രി മണിമണ്ഡപത്തില്‍ കളമെഴുത്ത്. തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും. 18 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാം. നെയ്യഭിഷേകം 19 വരെ മാത്രം. 19ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയില്‍ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തര്‍ക്ക് ദര്‍ശനം. 21ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച്‌ അയ്യപ്പസ്വാമിയെ യോഗനിദ്ര‌യി‌ലാക്കും. തുടര്‍ന്ന് ശ്രീ കോവില്‍ നടയടയ്‌ക്കും.