ട്രാവൻകൂർ സിമന്റ്സിന്റെ ഭൂമി വിൽക്കാൻ ഗൾഫ് പത്രത്തിൽ പരസ്യം

Advertisement

കോട്ടയം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭൂമിവില്‍പ്പനയുമായി സര്‍ക്കാര്‍ സംരംഭം. സാമ്പത്തിക പ്രതിസന്ധിയില്‍ നിലനില്‍പ് പ്രതിസന്ധിയിലായ പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ട്രാവൻകൂർ സിമന്റ്സിന്റെ ഭൂമി വിൽക്കാൻ ഗൾഫ് പത്രത്തിൽ പരസ്യം നൽകി മാനേജ്മെന്റ്. ശമ്പളം ഉൾപ്പെടെ മുടങ്ങിയ പശ്ചാത്തലത്തിലാണ് കാക്കനാട്ടെ ഭൂമി വിൽക്കാൻ ആഗോള ഇ-ടെൻഡർ വിളിച്ചിരിക്കുന്നത്. 33 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.


കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കർ ഭൂമി വിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്ഥലം വിറ്റ് ബാദ്ധ്യത തീർക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചെങ്കിലും വാങ്ങാൻ ആരും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദേശ മലയാളികളെയും റിയൽ എസ്റ്റേറ്റ് കമ്പനികളേയും ലക്ഷ്യമിട്ട് ഗൾഫിൽ പരസ്യം നൽകിയത്.പാട്ടക്കുടിശിക, നികുതിക്കുടിശിക, വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാദ്ധ്യതയാണുള്ളത്.
അതേസമയം സർക്കാർ സഹായം നൽകി ഭൂമി നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

1946 ൽ നിലവിൽ വന്ന ട്രാവൻകൂർ സിമന്റ്സ് വെള്ള സിമന്റ് ഉദ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായിരുന്നു. 2000 വരെ ലാഭത്തിലായിരുന്ന സ്ഥാപനം ഫർണസ് ഓയിലിൽ വിലയും വൈദ്യുതി നിരക്കും വർദ്ധിച്ചതോടെയാണ് പ്രതിസന്ധിയിലായത്.
വൻകിട കമ്പനികളുടെ വിപണി പ്രവേശനവും ബാധിച്ചു. വൈറ്റ് സിമന്റ് ഉത്പാദനത്തിനുള്ള വെള്ള ക്ലിങ്കർ ഇറക്കുമതി ചെയ്യുന്നതും നഷ്ടത്തിന് വഴിതെളിച്ചു.

Advertisement