കെ ഫോൺ പദ്ധതി അഴിമതി ആരോപണം,ഹർജി പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോയെന്ന് സതീശനോട് കോടതി

Advertisement

കൊച്ചി. കെ ഫോൺ പദ്ധതിയിലെ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ പ്രതിപക്ഷ നേതാവിനു രൂക്ഷവിവർശനം. 2019ലെടുത്ത തീരുമാനം 2024ൽ ചോദ്യം ചെയ്യുന്നതിന്റെ സാംഗത്യം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ഹർജി പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പരിഹസിച്ചു. ഹർജിയിൽ എതിർകക്ഷിക്ക് നോട്ടീസ് അയക്കാത്ത ഹൈക്കോടതി, സർക്കാരിനോട് നിലപാട് തേടി.

കെ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട ചട്ടം ലംഘിച്ചുള്ള കരാറും ഉപകരാറും സംബന്ധിച്ചു കോടതി മേൽനോട്ടത്തിൽ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹർജി. . എന്നാൽ 2019ലെ കരാർ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നതെന്ന് ആരാഞ്ഞ കോടതി അഴിമതി സംബന്ധിച്ച് രേഖകൾ ഉണ്ടോ എന്ന പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. സിഎജി റിപ്പോര്‍ട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകള്‍ ഹാജരാക്കാമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചതോടെ അത് ലഭിച്ചിട്ട് വന്നാല്‍ പോരെയെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം സിഎജി റിപ്പോര്‍ട്ട് അല്ലെന്നും നിരീക്ഷണങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതു താൽപര്യ ഹർജി ഫയലിൽ സ്വീകരിക്കാത്ത ഹൈക്കോടതി സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷനൽ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കാരിനെ നിയന്ത്രിക്കുന്നവർ പകരക്കാരെ വച്ച് കരാറുകൾ വീതം വയ്ക്കുകയായിരുന്നു എന്നും, അധികാരത്തിൽ ഇരിക്കുന്ന ആളുമായി ഏറ്റവും അടുപ്പമുള്ള കമ്പനിക്കാണ് കരാർ ലഭിച്ചതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. കരാർ ജോലികളും സാമ്പത്തിക ലാഭവും, ഈ കമ്പനി മറ്റൊരു കമ്പനിക്കായി വഴി മാറ്റിയെന്നും വി ഡി സതീശൻ ഹർജിയിൽ ആരോപിച്ചിരുന്നു. എ ഐ ക്യാമറ പദ്ധതിയിൽ നടന്ന രീതിയിലുള്ള തട്ടിപ്പും അഴിമതിയും ആണ്, കെ ഫോണിലും നടന്നിട്ടുള്ളതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. അതിനിടെ , ഹര്‍ജിയില്‍ ലോകായുക്തയെ വിമര്‍ശിച്ച നടപടിയാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശത്തിലേക്ക് കോടതിയെ നയിച്ചത്. കെ ഫോണ്‍ വിഷയത്തില്‍ ലോകായുക്തയെ സമീപിച്ചിട്ട് പ്രയോജനമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഹര്‍ജിയിലെ പരാമര്‍ശം അനുചിതമായെന്ന് കോടതി നിരീക്ഷിച്ചു.മാത്രമല്ല ഇത് പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്നും കോടതി പരിഹസിച്ചു . ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.