മാസപ്പടി വിവാദത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി

Advertisement

കൊച്ചി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മാസപ്പടി വിവാദം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നടപടി.

വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ വലിയ തട്ടിപ്പുണ്ടെന്ന്, ആരോപിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിലെ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി തട്ടിപ്പ് അന്വേഷിക്കണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
സംഭവത്തിൽ എന്തു അന്വേഷണമാണ് നടത്തുന്നത് എന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിരുന്നു. കേന്ദ്ര കമ്പനി കാര്യമന്ത്രാലയം വിശദമായ പരിശോധനയിലേക്ക് കടന്നിട്ടുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി. കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. മന്ത്രാലയത്തിന് കീഴിലെ മൂന്നംഗ സമിതിയാണ് പരിശോധിക്കുന്നത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക്, കൊച്ചിയിലെ സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ അന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം നിയോഗിച്ചിരുന്നു. ഹർജി ഈ മാസം 24ന് പരിഗണിക്കാനായി മാറ്റി.

Advertisement