മലയാളി യുവതി ട്രെയിനിനുള്ളില്‍ മരിച്ച നിലയില്‍

Advertisement

വൈക്കം: മലയാളി യുവതിയെ ട്രെയിനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ്.നായര്‍(45)നെയാണ് ആലപ്പുഴ- ധന്‍ബാദ് ട്രെയിനിലെ ശുചി മുറിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടില്‍ പോയ ശേഷം തിരികെ നാട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുംവഴിയാണ് മരണം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹയാത്രക്കാരോട് ശുചി മുറിയില്‍ പോയിട്ട് വരാമെന്ന് സുരജ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും സുരജ തിരികെ എത്താത്തതിനെ തുടര്‍ന്ന് സഹയാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചു. ജോലാര്‍പേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ വീണു കിടക്കുന്ന സുരജയെയാണ് കണ്ടത്. തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം തിരുപ്പത്തൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. റെയില്‍വേ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഭര്‍ത്താവ്: ജീവന്‍ (ക്യാപ്റ്റന്‍, ചരക്കുകപ്പല്‍) ആലപ്പുഴ വാരനാട് വൃന്ദാവനത്തില്‍ കുടുംബാംഗമാണ്. അമ്മ: ലീലാമണി. സഹോദരി: സുധ(ഒഡീഷ). സംസ്‌കാരം പിന്നീട്.