സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007-ലാണ് ഇതിന് മുന്‍പ് പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്‌കരണം കൊണ്ടുവന്നത്.
ഒന്നര വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിട്ടാണ് പാഠ്യ പദ്ധതി പരിഷ്‌ക്കരിച്ചതെന്നും കുട്ടികളില്‍ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മലയാളം , ഇംഗ്ലീഷ് , കന്നഡ ഭാഷകളിലാണ് പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എല്ലാ പുസ്തകങ്ങളിലും ഭരണഘടന ആമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തൊഴില്‍ പരിശീലനം നല്‍കും. അധ്യാപകര്‍ക്കും പുതിയ പാഠ്യപദ്ധതിയെ കുറിച്ച് പരിശീലനം നല്‍കും.