കൊച്ചി. കുസാറ്റിൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം സൗകര്യങ്ങളിലെ പിഴവും സുരക്ഷാ വീഴ്ചയും ആണെന്ന പോലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ആയിരം പേർക്ക് മാത്രം ഇരിക്കാവുന്ന ഓഡിറ്റോറിയത്തിൽ കുസാറ്റിൽ നിന്ന് മാത്രം 4000 വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്നും സുരക്ഷ ചുമതലയുള്ള ഒരു അധ്യാപകൻ പോലും അപകട സമയത്ത് സ്ഥലത്ത് ഇല്ലായിരുന്നു എന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ അന്വേഷണം അനന്തമായി നീളുന്നതിനിടെയാണ് ദുരന്തകാരണങ്ങൾ എണ്ണിപ്പറഞ്ഞ് പോലീസ് റിപ്പോർട്ട് കോടതിയിൽ എത്തിയത്.
കുസറ്റ് ദുരന്തം അന്വേഷിച്ച തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ പി വി ബേബിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് സൗകര്യങ്ങളിലെ പിഴവും സുരക്ഷാവീഴ്ചയും ഓഡിറ്റോറിയം നിർമാണത്തിലെ അപാകതയും ആണ് ദുരന്തകാരണമെന്ന് പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അപകടം നടന്ന സമയത്ത് സംഘാടന ചുമതലയുണ്ടായിരുന്ന അധ്യാപകർ സ്ഥലത്ത് ഇല്ലായിരുന്നു സംഗീത പരിപാടിക്ക് ഹൈക്കോടതി തന്നെ അനുമതി നിഷേധിച്ചിട്ടും യൂണിവേഴ്സിറ്റി പരിപാടി നടത്തിയത് വീഴ്ചയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു . ആയിരം പേർക്ക് സൗകര്യമുള്ള ഓഡിറ്റോറിയത്തിൽ കുസാറ്റിൽ നിന്ന് മാത്രം 4000 വിദ്യാർത്ഥികൾ പങ്കെടുത്തു . പുറമേ നിന്നെത്തിയത് എത്ര പേരെന്നതിന് കണക്കും ഇല്ല .പരിപാടിയെ സംബന്ധിച്ച് പോലീസിൽ അറിയിക്കുന്നതിൽ സർവ്വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചു 80ലധികം സെക്യൂരിറ്റി ജീവനക്കാരുള്ള സർവകലാശാല മതിയായ ജീവനക്കാരെ സുരക്ഷാ മേൽനോട്ടത്തിന് നിയോഗിച്ചില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .വിദ്യാർത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല അന്വേഷണം അനന്തമായി നീളുന്നതിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴാണ് അധികൃതരുടെ വീഴ്ച ചൂണ്ടിക്കാണിച്ച് പോലീസ് റിപ്പോർട്ട് കോടതിയിൽ എത്തിയത്