തിരുവനന്തപുരം. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ആളുകളെ കുത്തിനിറച്ചെന്ന പരാതിയുമായി ഗ്രൂപ്പുകൾ. രാഷ്ട്രീയ കാര്യസമിതിയുടെ ഗൗരവം നഷ്ടപ്പെടുത്തുന്ന ആളുകളും ഉൾപ്പട്ടെന്നും വിലയിരുത്തൽ. സമിതിയിൽ പ്രാതിനിധ്യം കുറഞ്ഞെന്ന് എ ഗ്രൂപ്പിനും ആക്ഷേപമുണ്ട്.
പാർട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഫോറമെന്ന ഗൗരവം ചോർത്തി കളയുന്നതാണ് ജംബോ കമ്മിറ്റി എന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ. 21 ൽ നിന്നാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ എണ്ണം 36 ലേക്ക് ഉയർന്നത്. എ, ഐ ഗ്രൂപ്പുകൾ എണ്ണം വർധിച്ചതിൽ വിയോജിപ്പറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പാർട്ടിയിൽ സജീവമല്ലാത്ത ആളുകളെ പോലും രാഷ്ട്രീയ കാര്യ സമിതിയിൽ തിരികെ കയറ്റി എന്നാണ് ആക്ഷേപം. മുതിർന്ന നേതാക്കൾ മാത്രമുണ്ടായിരുന്ന സമിതിയെ കുട്ടിക്കളി ആക്കരുത് എന്നാണ് ഗ്രൂപ്പുകളുടെ അഭിപ്രായം. എന്നാൽ സമിതിയെ ജംബോ ആയി കാണേണ്ടതില്ലെന്നാണ് പട്ടികയിൽ ആദ്യമായി ഇടംപിടിച്ച ശശി തരൂരിൻ്റെ അഭിപ്രായം.
നേരത്തെ സമിതിയിൽ നിന്ന് രാജിവച്ച വി എം സുധീരൻ വീണ്ടും പട്ടികയിൽ ഉൾപ്പെട്ടതിലും പാർട്ടിയിൽ മുറുമുറുപ്പുണ്ട്. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം വർധിപ്പിച്ചിരുന്നു. അതിലും മുതിർന്ന നേതാക്കൾക്ക് വിയോജിപ്പുണ്ട്. നാമമാത്രമായ പരിഗണന മാത്രമാണ് നൽകിയത് എന്ന അഭിപ്രായമാണ് എ ഗ്രൂപ്പിന്. അന്തരിച്ച ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് എന്നിവരെ സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പാർട്ടി വിട്ട കെ വി തോമസ്, പി.സി ചാക്കോ എന്നിവരെയും സമിതിയിൽ നിന്ന് നീക്കം ചെയ്തു. പുതിയ പട്ടികയിലെ 19 പേരും പുതുമുഖങ്ങളാണ്. എതിർപ്പുകൾ ഉണ്ടെങ്കിലും പരസ്യ പ്രതികരണം വേണ്ടെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.