അക്രമങ്ങളെ അതിജീവിച്ച് പാര്‍ട്ടിക്കായി പൊരുതിയ പ്രവര്‍ത്തകരെ വണങ്ങുന്നു,പാര്‍ട്ടി വേദിയില്‍ മോദി

Advertisement

കൊച്ചി. ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വേഗത്തില്‍ വികസനം നടപ്പാക്കിയ ചരിത്രം ബിജെപിക്കു മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുളളത് ബിജെപിക്കു മാത്രമാണ്.

ദരിദ്രരുടെ ക്ഷേമമാണ് ബിജെപിയുടെ മുഖമുദ്ര. ഒട്ടേറെ പദ്ധതികളിലൂടെ അത് ഉറപ്പാക്കി. കേന്ദ്രസര്‍ക്കാര്‍ ആദായനികുതി പരിധി കുറച്ചു. മൊബൈല്‍ ഡേറ്റയുടെയും ഫോണിന്റെയും വില കുറച്ചു. ഒന്‍പതു വര്‍ഷം കൊണ്ട് 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നു മുക്തരായി. ഗള്‍ഫ് രാജ്യങ്ങളില്‍ അവസരം കൂടി. ഇന്ത്യക്കാരോട് ബഹുമാനം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമസ്‌കാരം എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡി എന്ന് മലയാളത്തില്‍ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. അക്രമങ്ങളെ അതിജീവിച്ച് പാര്‍ട്ടിക്കായി പൊരുതിയ പ്രവര്‍ത്തകരെ വണങ്ങുന്നു. വിപരീത സാഹചര്യത്തിലും നിങ്ങള്‍ പാര്‍ട്ടി പതാക പാറിച്ചു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ കഴിവ് വളരെ വലുതാണ്. ഡല്‍ഹിയിലെ ഭരണത്തിന് കേരളത്തിലെ ഓരോ ജയവും അനിവാര്യാണ്. അതിനായുളള കഠിനാധ്വാനം ഓരോ ബൂത്തിലുമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വില്ലിങ്ടണ്‍ ഐലാന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം ,ഡ്രൈ ഡോക് ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങി 4000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തശേഷമാണ് പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലെത്തിയത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുമരന്ദ്രന്‍, ബിജെപി ദേശീിയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കെ. സുരേന്ദ്രന്‍ തേക്കില്‍ തീര്‍ത്ത് അമ്ബും വില്ലിന്റെയും മാതൃക സമ്മാനമായി നല്‍കിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ആദ്യമായാണ് മോദി ഒരു സംസ്ഥാനത്തെ ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് ഒരുക്കത്തിന് ബിജെപി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു തുടക്കമിടുന്നതിനാണ് പ്രധാനമന്ത്രി കേരളത്തിലെ 7000 ശക്തികേന്ദ്ര പ്രമുഖന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്.

60 ദിവസത്തെ പ്രവര്‍ത്തന പദ്ധതിയാണ് ശക്തികേന്ദ്ര പ്രുമുഖന്മാരുടെ യോഗത്തില്‍ നല്‍കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ എല്ലാ വീടുകളിലേക്കും ഭരണ നേട്ടങ്ങളുടെ ബുക്ലെറ്റ് വിതരണം , വികസനനേട്ടങ്ങള്‍ വിവരിക്കുന്ന രഥ യാത്ര തുടങ്ങിയവ നടത്തും. ഓരോ ആഴ്ചയിലും ബൂത്ത് ഓഡിറ്റ് നടത്തി പ്രവര്‍ത്തനം വിലയിരുത്തും.

Advertisement