സര്‍ക്കാരിനെതിരെ പുതിയ സമരമുറകളുമായി യൂത്ത്കോണ്‍ഗ്രസ് വരുന്നു

Advertisement

തിരുവനന്തപുരം .രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായ പശ്ചാത്തലത്തിൽ പുതിയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്. സമരങ്ങൾക്കെതിരായ പൊലീസ് മർദ്ദനങ്ങളിൽ സർക്കാരിനെതിരെ നിയമനടപടി കടുപ്പിക്കും. വ്യത്യസ്തമായ സമരങ്ങളും സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പ്രഖ്യാപിക്കും.

വോയ്സ് ഓവർ സമര രീതിയിലുൾപ്പെടെ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. പൊലീസിനെതിരായ നേർക്കുനേർ സമരങ്ങൾ കുറച്ച്, ജനപങ്കാളിത്തം ഉറപ്പാക്കുന്ന സമര രീതികളിലേക്ക് കടക്കും. സാംസ്കാരിക പ്രതിപക്ഷം എന്ന ആശയത്തിലാവും യൂത്ത് കോൺഗ്രസിന്റെ പുതിയ സമരമുറ.

എം.ടി വാസുദേവൻ നായർ , എം. മുകുന്ദൻ തുടങ്ങിയവരുടെ സർക്കാർ വിരുദ്ധ പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് സമരമാർഗ്ഗം. സംസ്ഥാനത്തുടനീളം സാംസ്കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സദസ്സുകൾ സംഘടിപ്പിക്കും. സർക്കാരിനെതിരായ നിയമ പോരാട്ടം കടുപ്പിക്കുന്നതാണ് മറ്റൊരു അജണ്ട. സമരങ്ങൾക്കെതിരെ പൊലീസ് നടത്തിയ മർദ്ദനങ്ങൾ കോടതിയിൽ ചോദ്യംചെയ്യും. കേസുമായി മുന്നോട്ടു നീങ്ങുന്ന എല്ലാ പ്രവർത്തകർക്കും നിയമസഹായം ഉറപ്പു നൽകും. ഒപ്പം ആളെക്കൂട്ടുന്ന സെക്രട്ടറിയേറ്റ്, കളക്ടറേറ്റ് മാർച്ചുകളും സമാന്തരമായി തുടരും. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും, പിന്നാലെ ഉണ്ടായ ജയിൽ മോചനവും സംഘടനയ്ക്ക് ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ നിലവിലെ ആനുകൂല്യം മുതലെടുക്കാനുള്ള ശ്രമം യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. സംഘടനയുടെ പുതിയ സമരപരിപാടികൾ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.